കര്‍ണാടക സര്‍ക്കാറിന്റെ അന്ധവിശ്വാസനിരോധനബില്ലില്‍ ടിവി ചാനലുകളിലെ ജ്യോതിഷവും പരിഗണനയില്‍; മൂഢത്വവും യുക്തിരഹിതവുമാണ് ഇത്തരം പരിപാടികളെന്നും കര്‍ണാടക മുഖ്യമന്ത്രി

ബാംഗ്ലൂര്‍: കര്‍ണാടക സര്‍ക്കാറിന്റെ അന്ധവിശ്വാസനിരോധന ബില്ലില്‍ ടിവി ചാനലുകളിലെ ജ്യോതിഷവും നിരോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതുസംബന്ധിച്ച് പ്രത്യേകചട്ടം തയ്യാറാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചുവരികയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബാംഗ്ലൂരില്‍ പറഞ്ഞു. രാവിലെമുതല്‍ സംപ്രേഷണംചെയ്യുന്ന ഇത്തരം പരിപാടികളിലൂടെ മൂഢത്വവും യുക്തിരഹിതമായ വസ്തുതകളുമാണ് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മഡേ സ്‌നാന അടക്കമുള്ള ആചാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനു പിന്നിലുള്ള താത്പര്യം പിന്നാക്കസമുദായങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കര്‍ണാടകത്തിലെ പ്രമുഖ ടി.വി. ചാനലുകളില്‍ രാവിലെ ജ്യോതിഷസംബന്ധമായ പരിപാടികള്‍ സംപ്രേഷണംചെയ്തു വരുന്നുണ്ട്. എന്നാല്‍, ഇതുകാണാന്‍ ടെലിവിഷനു മുന്നില്‍ കുത്തിയിരിക്കുന്നവര്‍ വീട്ടിലെ പ്രധാന ജോലികള്‍വരെ മറക്കുന്ന സാഹചര്യമുണ്ടാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പല പരിപാടികളും ആളുകളെ വഴിതെറ്റിക്കുകയാണ്. വര്‍ഷങ്ങളായി അനുഷ്ഠിച്ചുവരുന്ന ആചാരങ്ങള്‍ തെറ്റിക്കുന്നതിനും ഇത്തരം പരിപാടികള്‍ കാരണമായിത്തീരുന്നുണ്ട്. ഇതുസംബന്ധിച്ച് നിരവധി പരാതികളുയര്‍ന്ന സാഹചര്യത്തിലാണ് പരിപാടി നിരോധിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക സര്‍ക്കാറിന്റെ വിപ്ലവകരമായ തീരുമാനത്തെ പുരോഗമ പ്രസ്ഥാനങ്ങള്‍ സ്വാഗതം ചെയ്തിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.