ഫണ്ട് വിനിയോഗത്തില്‍ കേരളത്തിലെ എംപിമാര്‍ക്ക് പതിവ് അലംഭാവം തന്നെ; രാജ്യ-ലോക്‌സഭാ എംപിമാരില്‍ 94 പേര്‍ ഒരുരൂപപോലും ചിലവഴിച്ചില്ല; ടിഎന്‍ സീമയും സമ്പത്തും മാനം രക്ഷിച്ചു

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയില്‍ ഡയലോഗ് അടിക്കുന്നതില്‍ ഒട്ടും കുറവില്ല. പക്ഷേ കാര്യത്തോട് അടുക്കുമ്പോള്‍ ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍. ഇടതു-വലതു എംപിമാര്‍ എല്ലാം കണക്ക്. പ്രാദേശിക വികസന ഫണ്ട് വിനിയോഗത്തില്‍ കേരളത്തിലെ എം.പിമാര്‍ കാണിക്കുന്ന അലംഭാവം വ്യക്തമാക്കുന്ന കണക്ക് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. രാജ്യസഭാഗം പി.വി അബ്ദുള്‍ വഹാബ് ഉള്‍പ്പെടെ 27 അംഗങ്ങള്‍ ഫണ്ടില്‍ നിന്ന് ഒരു തുകപോലും ഇതുവരെ ചിലവഴിച്ചിട്ടില്ല. ലോക്‌സഭാംഗങ്ങളായ പി.കെ ശ്രീമതി, ഇന്നസെന്റ്, ജോസ്.കെ മാണി, സി.എന്‍ ജയദേവന്‍ എന്നിവര്‍ വളരെ കുറഞ്ഞ തുകമാത്രമേ ചിലവഴിച്ചിട്ടുള്ളൂ എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ലോക്‌സഭയിലെ 67 എം.പിമാരും രാജ്യസഭയിലെ 27 എംപിമാരുമടക്കം രാജ്യത്തെ 94 എം.പിമാര്‍ ഫണ്ടില്‍ നിന്ന് ഒരു രൂപപോലും ചെലവഴിച്ചിട്ടില്ല. ഇതില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയും, റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവും ഉള്‍പ്പെടും. കേരളത്തില്‍ നിന്നുളള ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി റിച്ചാര്‍ഡ് ഹേ, പശ്ചിമ ബംഗാളില്‍ നിന്നുളള ജോര്‍ജ് ബക്കര്‍ എന്നിവര്‍ നോഡല്‍ ജില്ല ഏതാണെന്ന് പോലും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഫണ്ടിന്റെ 65.77 ശതമാനവും ചിലവാക്കിയ ആറ്റിങ്ങല്‍ എം.പി എ.സമ്പത്താണ് ലോക്‌സഭാംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ തുക ചിലവാക്കിയ അംഗം. 98.87 ശതമാനവും തുക ചിലവാക്കിയ ടി.എന്‍ സീമയാണ് ഏറ്റവും കൂടുതല്‍ തുക ചിലവാക്കിയ രാജ്യസഭാംഗം. കണ്ണൂരില്‍ നിന്നുള്ള എം.പി പി.കെ.ശ്രീമതി 5.41ശതമാനവും, ചാലക്കുടി എം.പി ഇന്നസെന്റ് 13.81ഉം, കോട്ടയം എം.പി ജോസ്.കെ.മാണി 13.86 ശതമാനവും തുക മാത്രമേ ചിലവാക്കിയുള്ളൂ.

© 2024 Live Kerala News. All Rights Reserved.