എറണാകുളം നഗരത്തില്‍ ഗതാഗതനിയന്ത്രണം വരുന്നു; മെട്രോ റയില്‍ സ്‌റ്റേഷന്‍ നിര്‍മ്മാണം നടക്കുന്നതിനാലാണ് നിയന്ത്രണം

കൊച്ചി: മെട്രോ റയില്‍ സ്‌റ്റേഷന്‍ പ്രവൃത്തി നടക്കുന്നതിനാല്‍ എറണാകുളം നഗരത്തില്‍ ഗതാഗതനിയന്ത്രണം നടപ്പാക്കാന്‍ തീരുമാനം. കടവന്ത്ര ജിസിഡിഎ ഓഫീസിന് മുന്നില്‍ മെട്രോ റെയില്‍ സ്റ്റേഷന്‍ നിര്‍മാണം നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം വരുന്നത്. വൈറ്റില ഭാഗത്തുനിന്ന് പനമ്പിള്ളിനഗര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കെ.പി.വള്ളോന്‍ റോഡിലൂടെ സെന്റ് ജോസഫ് ചര്‍ച്ച് ജംക്്ഷന്‍ വഴി പനമ്പിള്ളി നഗറിലേക്ക് എത്തണം. 17 ാം തീയതി മുതലാണ് ഗതാഗതം വഴിതിരിച്ച് വിടുക. വൈറ്റിലയില്‍ നിന്ന് വരുമ്പോള്‍ കടവന്ത്ര ജങ്ഷനില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് കെപി വള്ളോന്‍ റോഡിലേക്ക് എല്ലാ വാഹനങ്ങളും കയറിയാല്‍ ഗതാഗതക്കുരുക്ക് ഉറപ്പാണ്. ചിലയിടങ്ങളില്‍ റോഡിന് വീതി തീരെയില്ല. പോണോത്ത് ടെംപിള്‍ റോഡ്, ഇന്ദിരാനഗര്‍ റോഡ്, പുതിയ റോഡ് എന്നീ റോഡുകള്‍ കെ.പി വള്ളോന്‍ റോഡിലേക്ക് വന്നു ചേരുന്നവയാണ്. ഈ മൂന്നു പൊയിന്റുകളിലെയും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരും. ഇതിനിടയില്‍ ബാവന്‍സ് സ്‌കൂളിലേക്ക് തിരിയുന്ന റോഡുമുണ്ട്. ഈ കടമ്പകള്‍ കടന്ന് വേണം സെന്റ് ജോസഫ് ചര്‍ച്ച് ജങ്ഷനിലെത്താന്‍ പിന്നെ കോയിത്തറ പാര്‍ക്കിലെ ചെറുപാലം കടന്ന് പനമ്പിള്ളി നഗര്‍ റോഡിലേക്കിറങ്ങിയാല്‍ സൗത്ത് പാലത്തിലേക്ക് കയറുമ്പോഴും ഗതാഗതക്കുരുക്കേറും. എറണാകുളം നഗരത്തിലെ ഗതാഗതനിയന്ത്രണം യാത്രക്കാര്‍ക്ക് വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുന്നമെന്നതില്‍ സംശയമില്ല.

© 2024 Live Kerala News. All Rights Reserved.