മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.1 അടിയായി ഉയര്‍ന്നു; വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ; ഉപസമിതി ഡാം സന്ദര്‍ശിച്ചു

ഇടുക്കി: തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.1 അടിയായി ഉയര്‍ന്നു. തേക്കടി, കുമിളി, പെരിയാര്‍ എന്നിവിടങ്ങളില്‍ പെയ്ത മഴയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തിയത്. ജലനിരപ്പ് ഉയര്‍ന്നാല്‍ സ്വീകരിക്കേണ്ട ക്രമീകരണങ്ങള്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. രാവിലെ മുതല്‍ അന്തരീക്ഷം മൂടിക്കെട്ടി നിന്നെങ്കിലും രാത്രിയോടെയാണ് കാട്ടിനുള്ളില്‍ കനത്ത മഴ പെയ്തത്. വനമേഖലയിലെ ഉറവകളില്‍ നിന്നും ഒഴുകുന്ന വെള്ളത്തിന്റെ അളവ് കൂടിവരുന്നതായും കണ്ടെത്തി. ഇത് വരും ദിവസങ്ങളിലും ഡാമിലെ ജലനിരപ്പ് ഉയര്‍ത്തുമെന്നാണ് കണക്കാക്കുന്നത്. സുരക്ഷ കാര്യങ്ങള്‍ വിലയിരുത്താന്‍ മുല്ലപെരിയാര്‍ ഉപസമിതി ഡാം സന്ദര്‍ശിച്ചു. ഞായറാഴ്ചയും ഉപസമിതി ഡാമിലെ സുരക്ഷകാര്യങ്ങള്‍ വിലയിരുത്തും. കളക്ട്രേറ്റില്‍ വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തയോഗത്തിലും സുരക്ഷക്രമീകരണങ്ങള്‍ വിലയിരുത്തി. ഡാം തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ ഏറ്റവും ആദ്യം ബാധിക്കുന്ന വണ്ടിപ്പെരിയാറിലെ ജനങ്ങളെ മാറ്റിപാര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചു. ഇവിടെ 129 കുടുംബങ്ങളാണ് ഉള്ളത്. സുരക്ഷാ പ്രവര്‍ത്തനത്തിനായി ദുരന്ത നിവാരണ സേനയും പീരുമേട് താലുക്കില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. മഴ ശക്തമായി തുടരന്നുതോടെ പ്രദേശത്തുകാര്‍ കടുത്ത ഭീതിയിലാണ്.

© 2024 Live Kerala News. All Rights Reserved.