മുല്ലപ്പെരിയാറില്‍ മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് നാല് ഷട്ടറുകള്‍ തുറന്നു; കൂടുതല്‍ ഷട്ടറുകള്‍ തുറക്കാന്‍ നീക്കം

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ മുന്നറിയിപ്പില്ലാതെയാണ് നാലു ഷട്ടറുകള്‍ തമിഴ്‌നാട് അധികൃതര്‍ തുറന്നത്. ജലനിരപ്പ് കൂടിയതിനെ തുടര്‍ന്ന് അണക്കെട്ടിന്റെ സ്പില്‍വെയിലെ ഷട്ടറുകളിലെ അര അടി വീതമാണ് തുറന്നത്. സെക്കന്‍ഡില്‍ 3200 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകി എത്തിക്കൊണ്ടിരിക്കുന്നതിനാല്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കേണ്ടി വരുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇന്ന് പുലര്‍ച്ചെയാണ് ഷട്ടറുകള്‍ തുറന്നത്. ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ നിലവിലെ ജലനിരപ്പ് 141.7 അടിയാണ്. ഈ അവസ്ഥയില്‍ ഓരോ മിനിറ്റിലും 161 ലീറ്റര്‍ വെള്ളമാണ് ഗാലറിയിലൂടെ ഒലിച്ചിറങ്ങുന്നത്. ഇതുവരെ രേഖപ്പെടുത്തിയതിലെ റെക്കോര്‍ഡ് സ്വീപ്പേജാണിതെന്നാണ് ഉപസമിതി കണ്ടെത്തിയിരിക്കുന്നത്. ജലനിരപ്പ് 125 അടിയായിരുന്നപ്പോള്‍ 72 ലീറ്റര്‍ മാത്രമായിരുന്നു സീപ്പേജിലൂടെ ഒഴുകിയിരുന്നത്. വെള്ളം 130 അടിക്ക് മുകളില്‍ എത്തിയപ്പോള്‍ ഒഴുകി പോകുന്ന വെള്ളത്തിന്റെ തോത് 90 ലിറ്ററായി ഉയര്‍ന്നു. തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ വീണ്ടും തുറക്കുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.

© 2024 Live Kerala News. All Rights Reserved.