ഭാരത് ധര്‍മ്മ ജനസേന എസ്എന്‍ഡിപിയുടെ പുതിയ പാര്‍ട്ടി; കുങ്കുമവും വെള്ളയും നിറത്തിലുള്ള കൊടിയും; ആയിരങ്ങളുടെ സാന്നിധ്യത്തില്‍ വെള്ളാപ്പള്ളിയുടെ പ്രഖ്യാപനം

തിരുവനന്തപുരം: ഭാരത് ധര്‍മ ജനസേന എസ്എന്‍ഡിപിയുടെ രാഷ്ട്രീയ പാര്‍ട്ടിയെന്ന് വെള്ളാപ്പള്ളി നടേശന്‍ ആയിരങ്ങളെ സാക്ഷിയാക്കി ശംഖുമുഖത്ത് പ്രഖ്യാപിച്ചു. സമത്വമുന്നേറ്റ യാത്രയുടെ സമാപന വേദിയിലാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. കുങ്കുമവും വെള്ളയും നിറത്തിലുള്ള കൊടിയും വേദിയില്‍ പ്രകാശനം ചെയ്തു. കൂപ്പുകൈയാണ് പാര്‍ട്ടിയുടെ ചിഹ്നം. ജാഥയുടെ സമാപന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ വെള്ളാപ്പള്ളി വിമര്‍ശിച്ചു. വിഎസ് പ്രതിപക്ഷ നേതാവാണെന്ന അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണ്. വിഎസിന് പ്രതിപക്ഷ നേതാവ് എന്ന വില മാത്രമെയുള്ളൂ. അല്ലങ്കില്‍ അച്യുതാനന്ദന്‍ വെറും അച്ച് മാത്രമായേനെ. വിഎസ് ആകെ ജയിച്ചത് ബാലകൃഷ്ണപിള്ളയ്‌ക്കെതിരായ കേസിലാണ്. ഇപ്പോള്‍ രണ്ടുപേരും അണ്ണനും തമ്പിയുമായി നടക്കുന്നു. മൈക്രോ ഫിനാന്‍സ് തട്ടിപ്പാണെന്ന് പറയുന്ന വിഎസിന് വിവരമുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. മുഖ്യധാരാ മധ്യമങ്ങളെല്ലാം സമത്വ മുന്നേറ്റയാത്രയേ അവഗണിച്ചുവെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. യാത്രയെ മാധ്യമങ്ങള്‍ അവഗണിച്ചു. ബിഡിജെഎസിന് ഹിന്ദു രാഷ്ട്രം ലക്ഷ്യമല്ലെന്നും തനിക്ക് ഒരു സമുദായത്തോടും വിരോധമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.