ജാഥ തീരുന്നതിന് മുമ്പ് തന്നെ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നടപടി തുടങ്ങി; യാത്രയ്ക്കിടെയുള്ള അറസ്റ്റ് ആര്‍ക്ക് ഗുണം ചെയ്യും?

കൊച്ചി: കോഴിക്കോട് പാളയത്ത് കഴിഞ്ഞ ദിവസം മാന്‍ഹോളില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിനിടെ അപായത്തില്‍ പെട്ട നൗഷാദിന്റെ കുടുംബത്തിന് ധനസഹായം നല്‍കിയത് അദ്ദേഹം മുസ്ലിമായത് കൊണ്ടാണെന്ന വിവാദ പരാമര്‍ശത്തെത്തുടര്‍ന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നടപടി ആരംഭിച്ചു. ജാഥ അവസാനിക്കുന്നതിന് മുമ്പ് തന്നെ അറസ്റ്റുണ്ടയേക്കുമെന്നാണ് വിവരം. വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന പ്രസംഗം നടത്തിയതിനാണ് അദേഹത്തിനെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന പ്രസംഗം നടത്തിയതിനാണ് അദേഹത്തിനെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. ജാഥ തീരുംവരെ അറസ്റ്റിന് കാത്തുനില്‍ക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. വെള്ളാപ്പള്ളിക്കെതിരെ കിട്ടിയ പരാതികളുടെയും പ്രാഥമിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍ ഇന്നലെയാണ് ഐപിസി 153 എ അനുസരിച്ച് ആലുവാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവന നടത്തിയതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം അംഗീകരിച്ചാണ് കേസ്. മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പാണിത്. ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശയിലാണ് നടപടി. വെള്ളാപ്പള്ളിയുടെ ജാഥ ഇന്ന് കോട്ടയം, ആലപ്പുഴ ജില്ലകളിലൂടെ പര്യടനം ശേഷം കടന്നുപോകും. ഇതിനിടെ വെള്ളാപ്പള്ളിയെ ന്യായീകരിച്ച് ബിജെപി നേതാവ് വി മുരളീധരന്‍ രംഗത്ത് വന്നിരുന്നു. നൗഷാദിനെയല്ല സര്‍ക്കാര്‍ നടപടിയെയാണ് വിമര്‍ശിച്ചതെന്ന് പിന്നീട് വെള്ളാപ്പള്ളി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.