ഫുകുഷിമ ദുരന്തത്തിന്റെ നേര്‍സാക്ഷ്യവുമായി സ്റ്റോപ്പ്; അന്താരാഷ്ട്ര ചലചിത്രമേളയില്‍ കിംകി ഡുക്കിന്റെ ചിത്രം ഉള്‍പ്പെടെ ആറെണ്ണം കൊറിയന്‍ പനോരമ വിഭാഗത്തില്‍

തിരുവനന്തപുരം: കിംകി ഡൂക്ക് ഇത്തവണയൊരു പരിസ്ഥിതി ത്രില്ലര്‍ ആണ് പരിചയപ്പെടുത്തുന്നത്. ഫുകുഷിമ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഡുക്ക് സംവിധാനം ചെയ്യുന്ന സ്റ്റോപ്പ് ഉള്‍പ്പെേെട ആറു ചിത്രങ്ങളാണ് ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ കൊറിയന്‍ പനോരമകൊറിയന്‍ പനോരമ വിഭാഗത്തിലുള്ളത്.
ഫുക്കുഷിമ ആണവദുരന്തത്തിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ദമ്പതികളെക്കുറിച്ചുള്ള സ്റ്റോപ്, സമകാലിക കൊറിയന്‍ കോര്‍പ്പറേറ്റ് ലോകത്തിന്റെ കഥപറയുന്ന ക്ലൗണ് ഓഫ് എ സെയില്‍സ്മാന്‍, ആശുപത്രികളിലെ വര്‍ഗ വ്യത്യാസത്തിെക്കുറിച്ചുള്ള മഡോണ, കൊറിയയിലെ കോടതികളുടെ പശ്ചാത്തലത്തിലുള്ള അഫയര്‍ എന്നീ ചിത്രങ്ങള്‍ കൊറിയന്‍ പനോരമയെ ചലച്ചിത്രപ്രേമികള്‍ക്ക് ഒഴിവാക്കാനാകാത്ത പാക്കേജാക്കുന്നു. ഫുക്കുഷിമ ആണവദുരന്തം ഏറ്റുവാങ്ങേണ്ടിവന്ന ദമ്പതികളുടെ വിധിയാണ് സ്റ്റോപ് (2015) പ്രമേയമാക്കിയിരിക്കുന്നത്. മുന്‍ചിത്രങ്ങളിലേതുപോലെ ഏതാണ്ട് ഒറ്റയ്ക്കാണ് കിം കി ഡുക്ക് സ്‌റ്റോപ്പും നിര്‍മ്മിച്ചിരിക്കുന്നത്. വിവാദങ്ങള്‍ ഉടനീളം കടന്നുവരുന്ന ചിത്രത്തില്‍ ആണവദുരന്തങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിവന്നാല്‍ വൈദ്യുതി ഉപേക്ഷിക്കണമെന്ന തീവ്രനിലപാടു സ്വീകരിക്കാനും കിം മടിക്കുന്നില്ല.

uu

പണത്തിന്റെയും അധികാരത്തിന്റെയും ലിംഗത്തിന്റെയും അടിസ്ഥാനത്തിലുള്ള വേര്‍തിരിവ് ആശുപത്രികളിലും നിലനില്‍ക്കുന്നതിനെക്കുറിച്ചാണ് ഷിന്‍ സു വോ സംവിധാനം ചെയ്ത മഡോണ(2015)എന്ന ചിത്രം. സ്വത്തിനുവേണ്ടി അപകടകരമായ ശസ്ത്രക്രിയക്കു വിധേയനാകാന്‍ അച്ഛനെ നിര്‍ബന്ധിക്കുന്ന മകനും ഗര്‍ഭപാത്രത്തിലെ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന വേശ്യയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. കോര്‍പ്പറേറ്റ് രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഓഫീസ് (2015) ഒരേ സമയം മന:ശാസ്ത്ര ത്രില്ലറും ഹാസ്യചിത്രവുമാണ്. സംവിധായകന്‍ ഹോങ് വോ ചാതന്റെ ആദ്യ ചിത്രമായ ഓഫീസ് 2015 കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കുടുംബത്തെ മുഴുവന്‍ വധിച്ച് അപ്രത്യക്ഷനാകുന്ന കിം എന്ന കഥാപാത്രത്തിലാണ് ചിത്രം ആരംഭിക്കുന്നത്. മകളുടെ ചികിത്സാചെലവിനു പണമുണ്ടാക്കാന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന വൃദ്ധകള്‍ക്ക് സൗജന്യവിനോദം നല്‍കുന്ന കമ്പനിയില്‍ ജോലിക്കു ചേരുന്ന കഥാനായകനാണ് ക്ലൗണ് ഓഫ് എ സെയ്ല്‍സ്മാനി(2015)ലേത്. ഉപഭോക്താക്കളിലൊരാളായ വൃദ്ധയുമായി അയാള്‍ പെട്ടെന്ന് അടുക്കുന്നു. ഈ സൗഹൃദത്തിലെ സന്തോഷങ്ങള്‍ക്കും കടബാധ്യതകളുടെ വിഷമങ്ങള്‍ക്കുമിടയിലൂടെ കഥ പുരോഗമിക്കുന്നു. കഴിഞ്ഞ ലൊക്കാര്‍ണോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ലെപ്പേര്‍ഡ് പുരസ്‌കാരം നേടിയ ചിത്രമാണ് ഹോങ് സാങ് സൂ സംവിധാനം ചെയ്ത റൈറ്റ് നൗ റോങ്ങ് ദെന്‍ (2015). ചലച്ചിത്രകാരനും നടനുമിടയിലുണ്ടാകുന്ന സംഘര്‍ഷമാണ് പ്രമേയം. ഒരേ സെറ്റില്‍ ഒരേ കഥാപാത്രങ്ങളുടെ കഥ രണ്ടു തരത്തില്‍ രണ്ടു ഭാഗങ്ങളിലായി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. മകനെ വധിച്ചതിന് വിചാരണ നേരിടുന്ന അച്ഛന്റെ കഥയാണ് ദി അഫെയര്‍ (2015). കോടതിമുറിയുടെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രം ശക്തമായ മാനുഷിക വികാരങ്ങളുടെ കഥ കൂടിയാണ്. കൊറിയന്‍ ചിത്രങ്ങളാണ് തിയറ്ററില്‍ ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെടുന്നത്. പ്രത്യേകിച്ച് കിംകി ഡുക്കിന്റെ ചിത്രം. ഇത്തവണയും തിരുവനന്തപുരത്തെ മേളയില്‍ കൊറിയന്‍ ചിത്രങ്ങള്‍ക്ക് തന്നെയാവും പ്രേക്ഷകര്‍ ഏറെയുണ്ടാകുക.

© 2024 Live Kerala News. All Rights Reserved.