ബലംപ്രയോഗിച്ച് കടകള്‍ അടപ്പിക്കാനോ വാഹനങ്ങള്‍ തടയാനോ പാടില്ല; പൊലീസിനെ ഉപയോഗിച്ച് വേണ്ടിവന്നാല്‍ ഹര്‍ത്താലിനെ നേരിടാനും സര്‍ക്കാര്‍ തയ്യാര്‍; ഹര്‍ത്താല്‍ നിയന്ത്രണ ബില്ലിനെതിരെ അരയും തലയും മുറുക്കി സിപിഎം

തിരുവനന്തപുരം: മൂന്ന് ദിവസം മുമ്പെങ്കിലും ഹര്‍ത്താല്‍ പ്രഖ്യാപനം നടത്തുക, ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുക, അതായത് വാഹനങ്ങല്‍ തടയരുത്, ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും സ്ഥാപനങ്ങള്‍ അടപ്പിക്കുന്നത് കുറ്റകരം തുടങ്ങിയ കാര്യങ്ങളുള്ള ഹര്‍ത്താല്‍ നിയന്ത്രണബില്ലാണ് സര്‍ക്കാറിന്റെ മേശപ്പുറത്തുള്ളത്. ബലം പ്രയോഗിച്ച് സ്ഥാപനങ്ങള്‍ അടപ്പിച്ചാല്‍ ആറു മാസം വരെ തടവോ പതിനായിരം രൂപ പിഴയോ ആണ് ബില്ലില്‍ ശുപാര്‍ശ ചെയ്യുന്ന ശിക്ഷ.സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോവുന്ന ഹര്‍ത്താല്‍ നിയന്ത്രണ ബില്ലിനെതിരെ ശക്തമായ പ്രതിഷേധപരിപാടികള്‍ക്കുള്ള നീക്കത്തിലാണ് സിപിഎം. ജനാധിപത്യപരമായി സംഘടിക്കാനും സമരം ചെയ്യാനുമുള്ള ജനങ്ങളുടെ മൗലികാവകാശത്തെ ചോദ്യം ചെയ്യുന്ന ഹര്‍ത്താല്‍ നിരോധന നിയമം കൊണ്ടുവരാനുള്ള യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം ജനാധിപത്യ അവകാശങ്ങള്‍ക്കു നേരെയുള്ള കടന്നുകയറ്റമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ജനാധിപത്യലംഘനമാണ് ്‌രസ്തുത ബില്‍. സാധാരണ ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുമ്പോള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യുകയും സബ്ജക്ട് കമ്മിറ്റിക്കും സെലക്ട് കമ്മിറ്റിക്കും വിടുകയും പൊതുജനാഭിപ്രായം സ്വീകരിക്കുകയും ചെയ്യുക എന്നതാണ് പതിവ്. ഇത്തരം ജനാധിപത്യപരമായ കീഴ്‌വഴക്കങ്ങളെയെല്ലാം ഇല്ലാതാക്കി എസ്പിമാരെക്കൊണ്ട് ജില്ലാതലത്തില്‍ യോഗം വിളിച്ചുചേര്‍ക്കുകയും അവിടെനിന്നും അഭിപ്രായങ്ങള്‍ സ്വീകരിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പൊലീസ് സ്റ്റേഷനുകളില്‍ പരാതി പെട്ടി വച്ചുകൊണ്ട് പൊതുജനങ്ങളില്‍നിന്നും അഭിപ്രായങ്ങള്‍ തേടുന്ന സമ്പ്രദായവും കൊണ്ടുവന്നിരിക്കുകയാണ്. ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന സംസ്ഥാനത്താണ് പോലീസിനെ ഉപയോഗിച്ച് ഇത്തരം നയങ്ങള്‍ അവതരിപ്പിക്കുന്നതിന് ശ്രമിക്കുന്നത് എന്നതും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം സെക്രട്ടറിയേറ്റ് അഭിപ്രായപെട്ടു.

LAT_HARTAL_786033f

ഹര്‍ത്താല്‍ നിയന്ത്രണ ബില്ലു കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് പൊതു സമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങള്‍ പരിഗണിച്ചുകൊണ്ടാണെന്നും ഇത് ഹര്‍ത്താല്‍ നിരോധന ബില്ലല്ല ഹര്‍ത്താല്‍ നിയന്ത്രണ ബില്ലാണെന്നും ഈ സമ്മേളനത്തില്‍ തന്നെ ബില്ല് പാസാക്കുമെന്നും ആഭ്യന്തരമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഹര്‍ത്താല്‍ നിയന്ത്രണത്തെ കുറിച്ചുള്ള ഹൈക്കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ഹര്‍ത്താല്‍ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കാനുതകുന്ന വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരുത്തുക എന്നതാണ് ബില്ലു കൊണ്ട് ഉദ്ദേശിക്കുന്നത്. ആക്രമ സാധ്യതയുണ്ടെങ്കില്‍ സര്‍ക്കാരിന് ഹര്‍ത്താലിനുള്ള അനുമതി നിഷേധിക്കാനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്. ബില്‍ പ്രകാരം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ട ചുമതല പോലീസിനാണ്. ഇതില്‍ വീഴ്ച വരുത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാനുള്ള വ്യവസ്ഥയും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സഭയില്‍ ബില്ലവതരിക്കുന്നതിനെതിരെ ശക്തമായി നേരിടാനാണ് പ്രതിപക്ഷം ആലോചിക്കുന്നത്. എന്നാല്‍ അനാവശ്യമായ ഹര്‍ത്താല്‍ ഒഴിവാക്കണമെന്ന കാലങ്ങളായി സിപിഎമ്മില്‍ത്തന്നെ പറയുന്നവരുണ്ട്. മാത്രമല്ല ആവശ്യത്തിനും അനാവശ്യത്തിനുമുള്ള ഹര്‍ത്താലിനെതിരെ വലിയ പ്രതിഷേധം തന്നെ സംസ്ഥാനത്ത് ഉയരാറുണ്ട്.

© 2024 Live Kerala News. All Rights Reserved.