ഏഴാം ആണ്ടിലേക്ക് കടക്കുമ്പോഴും മുബൈ ഭീകരാക്രമണം ഓര്‍മ്മകളെ വേട്ടയാടുന്നു; ആസൂത്രിതമായ പത്ത് ആക്രമണങ്ങള്‍; അജ്മല്‍ കസബിന്റെ വധശിക്ഷ ഭീകരവാദത്തിനുള്ള മുന്നറിയിപ്പായിരുന്നു

മുംബൈ: നിരവധി ഭീകരാക്രമണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മുംബൈയുടെ ചരിത്രത്താളില്‍ അവസാനത്തെ ഭീകരാക്രമണത്തിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഏഴാണ്ട് തികയുന്നു. മുംബൈ ഏറ്റുവാങ്ങിയ ദുരന്തത്തിന്റെ ഓര്‍മകള്‍ സജീവമായി നില്‍ക്കുമ്പോഴും നഗരത്തില്‍ നടപ്പാക്കിയ സുരക്ഷാക്രമീകരണങ്ങളില്‍ പിഴവുകള്‍ പ്രകടമായുണ്ട്്്. മുംബൈയില്‍ 2008 നവംബര്‍ 26ന് ആരംഭിച്ച ഭീകരാക്രമണം മൂന്നുദിവസം രാജ്യത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി്. സംഭവത്തില്‍ 166 പേര്‍ മരിക്കുകയും മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തീവ്രവാദികള്‍ ആസൂത്രിതമായ പത്ത് ഭീകരാക്രമണങ്ങളാണ് നടത്തിയത്. 2008 നവംബര്‍ 26ന് തുടങ്ങിയ ആക്രമണം ഏതാണ്ട് 60 മണിക്കൂറോളം പിന്നിട്ട് 29ന് ഇന്ത്യന്‍ സൈന്യം അതിസാഹസികമായി ഭീകരരെ വധിക്കുകയായിരുന്നു.

mum 2

22 വിദേശികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഛത്രപതി ശിവജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന്‍, നരിമാന്‍ പോയന്റിലെ ഒബ്‌റോയി ട്രിഡന്റ്, കൊളാബയിലെ താജ്മഹല്‍ പാലസ് എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകള്‍, കൊളാബയിലെ ടൂറിസ്റ്റ് റെസ്റ്റോറന്റായ ലിയോപോള്‍ഡ് കഫേ, കാമ ഹോസ്പിറ്റല്‍, മുംബൈ ചബാദ് ഹൗസിന്റെ നിയന്ത്രണത്തിലുള്ള ഓര്‍ത്തഡോക്‌സ് ജ്യൂയിഷ് സെന്റര്‍, മെട്രോ ആഡ്‌ലാബ്‌സ് തിയേറ്റര്‍, പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എന്നിവിടങ്ങളിലാണ് ഭീകരാക്രമണങ്ങള്‍ നടന്നത്. പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിനടുത്ത കാമ ഹോസ്പിറ്റലില്‍ നടന്ന വെടിവെപ്പില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡിലെ ചീഫ് ഓഫീസറടക്കം മൂന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മരണപ്പെട്ടു. മുംബൈ ഭീകരവിരുദ്ധ സേനാ ചീഫ് ഹേമന്ത് കര്‍ക്കരെ, അഡീഷണല്‍ കമ്മിഷണര്‍ അശോക് കാംതെ, എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റ് വിജയ് സലസ്‌കര്‍, ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ശശാങ്ക് ഷിന്‍ഡെ, മലയാളിയായ ദേശീയ സുരക്ഷാസേന കമാന്‍ഡോ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍, ചാന്ദര്‍, ഛത്രപതി ശിവാജി ടെര്‍മിനസിലെ മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ലഷ്‌കര്‍ ഭീകരന്‍ മൊഹമ്മദ് അജ്മല്‍ അമീര്‍ കസബിനെ പിടിയിലാവുകയും പിന്നീടിയാളെ വധശിക്ഷയ്ക്ക് വിധേയമാക്കുകയും ചെയ്തതാണ് സംഭവത്തില്‍ എടുത്തപറയാവുന്ന നടപടി.ഭീകരാക്രമണ കേസില്‍ പാകിസ്താനില്‍ ഇപ്പോഴും വിചാരണ നടക്കുന്നുണ്ട്. കേസിലെ സാക്ഷികളെ വിസ്തരിക്കുന്നതിന് ഏഴംഗ പാക് ജുഡീഷ്യല്‍ കമ്മിഷന്‍ ഇന്ത്യയിലെത്തിയിരുന്നു. നിരവധിപേരുടെ മൊഴിയെടുത്തു. ഏതാണ്ട് 50നും 60നും ഇടയില്‍ തീവ്രവാദികള്‍ ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതായി അന്വേഷണറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഫലപ്രദമായ യാതൊരുനടപടിക്രമങ്ങളും പിന്നീട് പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായില്ല.
അടുത്തിടെ പാരിസില്‍ നടന്ന ഭീകരാക്രമണത്തിലും മുംബൈ ആക്രമണത്തിന്റെ രീതിയാണ് അവലംബിച്ചത്. ജനത്തിരക്കുള്ള പ്രധാന ഇടങ്ങള്‍ കണ്ടെത്തി ആക്രമണം നടത്തുകയായിരുന്നു ഭീകരര്‍. ഇസ്ലാമിക് എസ്റ്റേറ്റ് എന്ന ഭീകരസംഘടനയാണ് ലോകത്തിന് ഈയവസരത്തില്‍ കടുത്ത ഭീഷണി ഉയര്‍ത്തുന്നത്.

© 2024 Live Kerala News. All Rights Reserved.