മുംബൈ ഭീകരാക്രമണക്കേസില്‍ ഭീകരര്‍ക്ക് പാക് കോടതി നോട്ടീസ് അയച്ചു; ലഷ്‌കറെ തോയിബ നേതാവ് സാകിയൂര്‍ റഹ്മാന്‍ ലഖ്‌വി അടക്കം ഏഴു പേര്‍ക്കാണ് നോട്ടീസയച്ചത്

ലഹോര്‍: 2008ലെ മുംബൈ ഭീകരാക്രമണക്കേസില്‍ പ്രതികളായ ലഷ്‌കറെ തോയിബ നേതാവ് സാകിയൂര്‍ റഹ്മാന്‍ ലഖ്‌വി അടക്കം ഏഴു
ഭീകരര്‍ക്കും പാക് സര്‍ക്കാറിനും പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതി നോട്ടീസ് അയച്ചു. ഇന്ത്യന്‍ തീരത്ത് അതിക്രമിച്ചു കടക്കന്‍ 10 ലഷ്‌കറെ ഭീകരര്‍ ഉപയോഗിച്ച അല്‍ഫൗസ് ബോട്ട് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. കേസ് ഈ മാസം 22 ന് വീണ്ടും പരിഗണിക്കും.ആക്രമണത്തില്‍ പാകിസ്താന്‍ ഉത്തരവാദിത്തബോധം കാണിക്കണമെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇന്നലെ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പാകിസ്താന്‍ കോടതിയുടെ നടപടി. ലഖ്‌വിക്കു പുറമേ അബ്ദുള്‍ വാജിദ്, മസഹര്‍ ഇഖ്ബാല്‍, ഹമദ് അമീന്‍ സദിഖ്, ഷാഹിദ് ജമീല്‍ റിയാസ്, ജമീല്‍ അഹമ്മദ്, യൂനിസ് അന്‍ജുന്‍ എന്നിവരെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. കൊലപാതകം, കൊലപാതക ശ്രമം, മുംബൈ ആക്രമണത്തിന് പദ്ധതിയിട്ട് നടപ്പാക്കി എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വിദേശികളടക്കം 166 പേരാണ് മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ലഖ്‌വിയാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ ഇയാള്‍ ജാമ്യത്തിലിറങ്ങി. മറ്റ് ആറു പേരും റാവല്‍പിണ്ടിയിലെ അദിയാല ജയിലിലാണ്. കറാച്ചിയില്‍ നിന്നുള്ള അല്‍ഫൗസ് എന്ന ബോട്ടിലാണ് ഭീകരര്‍ മുംബൈ തീരത്ത് എത്തിയത്. ഈ ബോട്ട് പരിശോധിക്കാന്‍ കമ്മീഷനെ അനുവദിക്കാത്ത വിചാരണ കോടതി ഉത്തരവ് ഇസ്ലാമാബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിചാരണ കോടതിയുടെ വിധിയില്‍ പിഴവുണ്ടെന്നും നിയമാനുസൃതമല്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. അല്‍ഫൗസ് ഇപ്പോള്‍ കറാച്ചിയിലെ അധികൃതരുടെ കസ്റ്റഡിയിലാണ്.2008 നവംബര്‍ 26നാണ് മുംബൈയില്‍ ഭീകരാക്രമണം നടന്നത്.

© 2024 Live Kerala News. All Rights Reserved.