കാശ്മീര്‍ പ്രശ്‌നം ഇല്ലാതെ ഇനി ചര്‍ച്ചയ്ക്ക് ഇല്ല- പാകിസ്ഥാന്‍

മുംബൈ ഭീകരാക്രമണം; കൂടുതല്‍ തെളിവ് നല്‍കണം

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണക്കേസിലെ വിചാരണ വേഗത്തിലാക്കാമെന്ന് ഉറപ്പുനല്‍കി രണ്ടുദിവസത്തിനകം പാകിസ്താന്റെ മലക്കംമറിച്ചില്‍. വിചാരണയ്ക്ക് ഇന്ത്യ കൂടുതല്‍ തെളിവുകള്‍ കൈമാറണമെന്നും കശ്മീര്‍പ്രശ്‌നം ഉള്‍പ്പെടുത്താതെ ഇനി ചര്‍ച്ചയ്ക്കില്ലെന്നും പാകിസ്താന്‍ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞു.

ലഖ്വിയുടെ ശബ്ദരേഖയെടുക്കാന്‍ പുതിയ ഹര്‍ജി സമര്‍പ്പിക്കില്ലെന്ന് പാകിസ്താന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
നിലപാടുകളില്‍ ഇനിയും വിട്ടുവീഴ്ചയുണ്ടാകില്ല. കശ്മീര്‍പ്രശ്‌നമാണ് ഏറ്റവും വേഗം പരിഹരിക്കേണ്ടത്. സിയാച്ചിന്‍, സര്‍ ക്രീക് എന്നിവയും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മില്‍ യുഫയില്‍ നടന്നത് അനൗദ്യോഗിക ചര്‍ച്ചയാണ്. കരാറുകളിലൊന്നും ഒപ്പുവെച്ചിട്ടില്ല. സര്‍താജ് അസീസ് ഇസ്ലാമാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
2007ല്‍ 60 പേരുടെ മരണത്തിനിടയാക്കിയ സംഝൗത എക്‌സ്പ്രസ് സ്‌ഫോടനക്കേസിലും കൂടുതല്‍ വിവരങ്ങള്‍ കൈമാറണമെന്ന് നവാസ് ഷെരീഫ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് റഷ്യയിലെ യുഫയില്‍ ഷാങ്ഹായ് സഹകരണ സമിതിയുടെ യോഗത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും നവാസ് ഷെരീഫും കൂടിക്കാഴ്ചനടത്തിയത്. മുംബൈ ഭീകരാക്രമണക്കേസിലെ വിചാരണ വേഗത്തിലാക്കാമെന്നും സാകിയുര്‍ റഹ്മാന്‍ ലഖ്വിയുടെ ശബ്ദരേഖ കൈമാറാമെന്നും ചര്‍ച്ചയില്‍ ധാരണയായിരുന്നു.

ചര്‍ച്ചയില്‍ കശ്മീര്‍പ്രശ്‌നം ഉള്‍പ്പെടുത്താത്തതിന് നവാസ് ഷെരീഫിനെതിരെ പാകിസ്താനില്‍ വന്‍ വിമര്‍ശമുയര്‍ന്നിരുന്നു. ചര്‍ച്ച പരാജയമായിരുന്നെന്നും മോദി അതിനെ ഏകപക്ഷീയമാക്കിയെന്നും പ്രതിപക്ഷപാര്‍ട്ടികള്‍ ആരോപിച്ചു. ഇതേത്തുടര്‍ന്നാണ് അസീസിന്റെ പുതിയ പ്രസ്താവന.

ഇന്ത്യക്കാരെ വിഡ്ഢികളാക്കാനാണ് പാകിസ്താന്‍ ശ്രമിക്കുന്നതെന്ന് മുംബൈ ഭീകരാക്രമണക്കേസിലെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നികം അഭിപ്രായപ്പെട്ടു. ലഖ്!വിയുടെ ശബ്ദരേഖയെടുക്കാന്‍ പാകിസ്താന് താത്പര്യമില്ലെന്നാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സാകിയുര്‍ റഹ്മാന്‍ ലഖ്വിയുടെ ശബ്ദരേഖ നല്‍കില്ലെന്ന് അഭിഭാഷകന്‍ റിസ്വാന്‍ അബ്ബാസി കഴിഞ്ഞദിവസമാണ് അറിയിച്ചത്. ഹുറിയത്ത് നേതാക്കള്‍ക്ക് ഈദ് ദിനത്തില്‍ ഇഫ്താര്‍ പാര്‍ട്ടി നല്‍കാനുള്ള ഒരുക്കത്തിലാണ് പാക് ഹൈക്കമ്മീഷണര്‍.

© 2024 Live Kerala News. All Rights Reserved.