ടി ഒ സൂരജിന് 11 കോടിയുടെ അനധികൃത സമ്പാദ്യം; പ്രോസിക്ക്യൂട്ട് ചെയ്യാന്‍ അനുമതി തേടി വിജിലന്‍സ്

തിരുവനന്തപുരം: സംസ്ഥാന മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജ് അനധികൃതമായി 11 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചതായി അന്വേഷണത്തില്‍ വ്യക്തമായ സാഹചര്യത്തില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സര്‍ക്കാരിന് കത്തയച്ചു.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സ് സര്‍ക്കാറില്‍ അനുമതി തേടിയത്. 2004 മുതല്‍ 2014 കാലയളവില്‍ സൂരജിന്റെ സമ്പാദ്യം ഞെട്ടിപ്പിക്കുന്നതാണെന്ന് കത്തില്‍ പറയുന്നു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ വരുമാനം കൊണ്ടുമാത്രം ഇത്രയും ചുരുങ്ങിയ കാലയളവില്‍ ഇത്രയും ഭീമമായ തുക സമ്പാദിക്കാനാകില്ല. തൃശൂര്‍, ഇടുക്കി, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ ഭാര്യയുടെയും മക്കളുടെയും പേരില്‍ വ്യാപകമായി സ്വത്ത് വാങ്ങിക്കൂട്ടിയിട്ടുണ്ട്. ആഡംബര ഫ്‌ളറ്റുകളും കാറുകളും ബിനാമി പേരില്‍ വാങ്ങിയത് അഴിമതി പണം കൊണ്ടാണെന്ന് വ്യക്തമായതായും വിജിലന്‍സ് നല്‍കിയ കത്തിലുണ്ട്.
പത്തുവര്‍ഷത്തിനുള്ളില്‍ ഭൂമിയും വീടും വാഹനങ്ങളും വാങ്ങിയതല്ലാതെ ഒന്നും വില്‍പ്പന നടത്തിയിട്ടില്ല. അനധികൃത വരുമാനമാണെന്ന് വ്യക്തമാക്കുന്ന തെളിവോടെയാണ് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 19നാണ് ടി.ഒ.സൂരജിന്റെ വീട്ടിലും ഫ്‌ളറ്റുകളിലും വിജിലന്‍സ് റെയ്ഡ് നടത്തിയത്. ഇതിനുശേഷം തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സൂരജ് ഇപ്പോഴും സസ്‌പെന്‍ഷനിലാണ്. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച അപേക്ഷ തിങ്കളാഴ്ച ആഭ്യന്തരമന്ത്രിക്ക് കൈമാറും. ആഭ്യന്തരവകുപ്പിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് കുറ്റപത്രം നല്‍കാനാണ് വിജിലന്‍സിന്റെ തീരുമാനം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ടി ഒ സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയേക്കുമെന്നാണ് വിവരം.

© 2024 Live Kerala News. All Rights Reserved.