അഴിമതിക്കേസില്‍ ചൈനീസ് മുന്‍ പ്രതിരോധ മേധാവിക്ക് ജീവപര്യന്തം

ബെയ്ജിങ്: അതീവ രഹസ്യമായി നടത്തിയ വിചാരണക്കൊടുവില്‍ ചൈനീസ് മുന്‍ പ്രതിരോധ വിഭാഗം മേധാവി സൂ യോങ്കാങ്ങിന് ജീവപര്യന്തം. അഴിമതി, അധികാര ദുര്‍വിനിയോഗം, രാജ്യത്തിന്‍െറ രഹസ്യങ്ങള്‍ ബോധപൂര്‍വം വെളിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ്, നീണ്ടകാലം ചൈനയിലെ അധികാരകേന്ദ്രങ്ങളില്‍ ഉന്നത സ്ഥാനീയനായിരുന്ന സൂവിന് ശിക്ഷ വിധിച്ചത്.
2013ല്‍ ചൈനയുടെ പ്രസിഡന്‍റായി ഷി ജിന്‍പിങ് അധികാരമേല്‍ക്കുന്നതോടെയാണ് സൂ ഉള്‍പെടെ വിമത നേതാക്കള്‍ക്ക് പിടിവീഴുന്നത്. മാസങ്ങള്‍ക്കുമുമ്പ് അറസ്റ്റിലായ സൂവിന്‍െറ വിചാരണ പരസ്യമാക്കുമെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍, വടക്കന്‍ മേഖലയിലെ ടിയാന്‍ജിന്‍ പട്ടണത്തില്‍ അതീവ രഹസ്യമായാണ് വിചാരണ നടത്തിയത്. മേയ് 22ന് വിചാരണ പൂര്‍ത്തിയായെന്ന് ഒൗദ്യോഗിക വാര്‍ത്താകുറിപ്പ് പറയുന്നു. അഴിമതിക്ക് ജീവപര്യന്തത്തിന് പുറമെ അധികാര ദുര്‍വിനിയോഗത്തിന് ഏഴു വര്‍ഷവും രാജ്യത്തിന്‍െറ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് നാലു വര്‍ഷവുമാണ് ശിക്ഷ. എല്ലാ രാഷ്ട്രീയ അധികാരങ്ങളും എടുത്തുകളഞ്ഞതിനു പുറമെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്്. കഴിഞ്ഞ ഏപ്രിലിലാണ് സൂവിനെതിരെ കുറ്റം ചുമത്തിയത്. അന്നു മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്നും സൂ പുറത്താണ്. 136 കോടി രൂപയുടെ വന്‍ അഴിമതിയാണ് സൂവിനെതിരെ ചുമത്തിയിരിക്കുന്നത്.
2012ല്‍ രാജിവെക്കും വരെ പൊതുസുരക്ഷാ മന്ത്രാലയ മേധാവിയായിരുന്ന സൂ രാജ്യത്തെ പരമോന്നത രാഷ്ട്രീയ സമിതി കൂടിയായ പോളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗവുമായിരുന്നു. പുതിയ പ്രസിഡന്‍റ് അധികാരത്തിലത്തെിയതോടെ സൂവിന്‍െറ നേതൃത്വത്തില്‍ വിമത പ്രവര്‍ത്തനം സജീവമായെന്ന ആരോപണമാണ് അദ്ദേഹത്തെ ജയിലിലത്തെിച്ചത്.
പാര്‍ട്ടി മുന്‍ പ്രാദേശിക മേധാവിയായിരുന്ന ബോ സിലായിയ്ക്കു ശേഷം ആഗോള മാധ്യമങ്ങള്‍ ഏറെ പ്രാധാന്യം നല്‍കിയ വിചാരണയാണ് സൂവിന്‍െറത്.

© 2024 Live Kerala News. All Rights Reserved.