പ്രളയത്തിന് തയാറെടുത്ത് ചൈന; 1500 പേരെ ഒഴിപ്പിച്ചു, 15 മരണം

കിഴക്കൻ ചൈനയിൽ മണ്ണിടിച്ചിലിലും മഴയിലും 15 പേർ മരിച്ചു. 1500 പേരെ ഒഴിപ്പിച്ചു. എല്ലാ വർഷവും മഴക്കാലവുമായി ബന്ധപ്പെട്ട് ചൈനയിൽ വലിയ തോതിൽ പ്രളയം ഉടലെടുക്കാറുണ്ട്. ചൈനയുടെ തെക്കൻ മേഖലകളിലാണ് ഇതു കൂടുതൽ ബാധിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് തന്നെ ഷാങ്ഹായ്, ബീജിങ് മഹാനഗരങ്ങൾ ഉൾപ്പെടെ ചൈനീസ് നഗരങ്ങൾ പ്രളയത്തിനായി തയാറെടുപ്പുകൾ തുടങ്ങിയിരുന്നു. രാജ്യത്ത് ഉടലെടുത്ത വലിയ വേനലും തടാകങ്ങൾ വറ്റിവരണ്ടതുമൊക്കെ വരാൻ പോകുന്ന പ്രളയത്തിന്റെ സൂചനകളായിരുന്നു.

2021ൽ നിരവധി പേരുടെ മരണത്തിനിടയാക്കി ചൈനയിൽ പ്രളയം അതിരൂക്ഷമായിരുന്നു. ഇന്നർ മംഗോളിയ മേഖലയിലെ ഹുലുൻബുയിറിലുള്ള രണ്ട് ഡാമുകൾ ഇതിൽ പൊട്ടിത്തകർന്നു. ലോകത്തിലെ ഏറ്റവും വലിയ ഐഫോൺ നിർമാണ ഫാക്ടറി നിലനിൽക്കുന്നതിനാൽ ഐഫോൺ പട്ടണമെന്നു പേരുള്ള ഷെങ്‌സു നഗരത്തിലാണ് അന്ന് ഏറ്റവും വലിയ പ്രതിസന്ധി ഉടലെടുത്തത്. ഇവിടെ 12 പേർ മരിച്ചു. ഇവിടെ റോഡുകളും തെരുവുകളും മെട്രോ റെയിൽ ലൈനുകളുമൊക്കെ വെള്ളത്തിനടിയിലായി. ഷെങ്‌സുവിനു സമീപം സ്ഥിതി ചെയ്യുന്ന ചൈനീസ് ആയോധനവിദ്യകളുടെ വിശ്വപ്രസിദ്ധ കേന്ദ്രമായ ഷാവോലിൻ ടെംപിളിനും വെള്ളപ്പൊക്കത്തിൽ കേടുപാടുകൾ സംഭവിച്ചു. ചൈനയുടെ സാംസ്‌കാരിക മേഖലയായ ഹെനാൻ പ്രവിശ്യയുടെ തലസ്ഥാനമാണു ഷെങ്‌സു. ഇവിടെ വെള്ളപ്പൊക്കം വർധിച്ചതോടെ സമീപത്തുള്ള ലോയാങ് എന്ന സ്ഥലത്തെ ഡാം ചൈനീസ് സേന വെള്ളം വഴിതിരിച്ചുവിടാനായി തകർത്തു. ഒരു ലക്ഷത്തിലധികം ആളുകളെ പ്രദേശത്തു നിന്ന് ഒഴിപ്പിക്കുകയും ചെയ്തു.

© 2024 Live Kerala News. All Rights Reserved.