സെഞ്ച്വറികളുടെ എണ്ണത്തില്‍ ഗാംഗുലിയെ മറികടന്ന് വിരാട് കോഹ്‌ലി

സെഞ്ച്വറികളുടെ എണ്ണത്തില്‍ വിരാട് കോഹ്‌ലി സൗരവ് ഗാംഗുലിയെ മറികടന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കോഹ്ലി ഇന്ന് നേടിയ സെഞ്ച്വറിയോടെ ഗാംഗുലിയുടെ 22 ശതകങ്ങളെന്ന് റെക്കോര്‍ഡാണ് കോഹ്‌ലി മറികടന്നത്. നൂറ് അടിക്കാത്ത 13 ഏകദിനങ്ങള്‍ക്കുശേഷമാണ് കൊഹ്‌ലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്.

ഗാംഗുലിക്കു പുറമെ 22 സെഞ്ചുറികളുണ്ടായിരുന്ന ക്രിസ് ഗെയ്ല്‍, തിലകരത്‌നെ ദില്‍ഷന്‍ എന്നിവരെയും കോഹ്‌ലി പിന്നിലാക്കി. 165ാം മത്സരത്തിലാണു കൊഹ്‌ലി 23 സെഞ്ചുറിയെന്ന നേട്ടം കൈവരിച്ചതെങ്കില്‍ ഗാംഗുലി 311 മത്സരങ്ങളില്‍നിന്നാണ് 22 സെഞ്ച്വറി കുറിച്ചത്. ഇന്ത്യന്‍ താരങ്ങളില്‍ സച്ചിന്‍ മാത്രമെ സെഞ്ച്വറികളുടെ എണ്ണത്തില്‍ ഇനി കൊഹ്‌ലിക്ക് മുന്നിലുള്ളു. 49 സെഞ്ച്വറികളാണ് സച്ചിന്റെ പേരിലുള്ളത്.

സച്ചിനു പുറമെ രാജ്യാന്തര ക്രിക്കറ്റില്‍ റിക്കി പോണ്ടിംഗ് (30), സനത് ജയസൂര്യ(28), കുമാര്‍ സംഗക്കാര(25) എന്നിവരാണു കോഹ്‌ലിക്കു മുന്നിലുള്ള മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. നിലവില്‍ കളിക്കുന്നവരില്‍ 21 സെഞ്ച്വറികളുമായി ഹാഷിം ആംലയും എ.ബി. ഡിവില്ലിയേഴ്‌സുമാണു കോഹ്‌ലിക്കടുത്തുള്ളത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടുന്ന ആദ്യ ഏകദിന സെഞ്ച്വറിയാണ് കോഹ്ലിയുടെ ഇന്നതെ ശതകം. 18 മത്സരങ്ങളാണു ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കോഹ്‌ലി കളിച്ചത്. ഇതോടെ ടെസ്റ്റ് പദവിയുള്ള എല്ലാ രാജ്യങ്ങള്‍ക്കെതിരെയും സെഞ്ച്വറി നേടിയെന്ന റെക്കോര്‍ഡും കോഹ്ലിക്ക് സ്വന്തമായി. ഇത്തരത്തില്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ബാറ്റ്‌സ്മാനാണ് കോഹ്ലി.

© 2024 Live Kerala News. All Rights Reserved.