വിവാദമായ മുസിരിസ് പട്ടണ ഖനനത്തിന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ അനുമതി നിഷേധിച്ചു.

കൊച്ചി: വിവാദമായ മുസിരിസ് പട്ടണം ഖനനം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) തടഞ്ഞു. നിബന്ധനകള്‍ ലംഘിച്ചതിനാല്‍ പട്ടണം ഖനനത്തിന്റെ അടുത്ത ഘട്ടത്തിന് അനുമതി നല്‍കേണ്ടെന്ന് എഎസ്‌ഐ കേന്ദ്ര ഉപദേശക സമിതിയാണ് തീരുമാനമെടുത്തത്. 1959ലെ നിയമമനുസരിച്ച് ഒരു പ്രദേശത്ത് ഖനനത്തിന് അഞ്ച് വര്‍ഷത്തില്‍ക്കൂടുതല്‍ അനുമതി നല്‍കാറില്ല. എന്നാല്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷമായി എറണാകുളം ജില്ലയില്‍പ്പെടുന്ന പട്ടണത്ത് കേരള കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (കെസിഎച്ച്ആര്‍) ഖനനം നടത്തി വരികയാണ്. ഖനനത്തിന്റെ ആറാംഘട്ടമാണ് വിലക്കിയിരിക്കുന്നത്. അഞ്ച് ഘട്ടങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഭാരതീയ വിചാര കേന്ദ്രം ഉള്‍പ്പെടെയുള്ള സംഘടനകളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. കെട്ടുകഥയായ സെന്റ് തോമസിന്റെ കേരളത്തിലേക്കുള്ള വരവ് ചരിത്രത്തിന്റെ ഭാഗമാണെന്ന് വരുത്തിത്തീര്‍ക്കുന്നതിനാണ് ഖനനമെന്ന് സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മക്ക് വിചാരകേന്ദ്രം നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. കേരളത്തിന്റെ സാസ്‌കാരിക പാരമ്പര്യം സെന്റ് തോമസിന്റെ വരവിനുശേഷമാണ് ആരംഭിക്കുന്നതെന്ന് വരുത്തിത്തീര്‍ക്കുന്നതിനാണ് ഖനനമെന്ന് നിരവധി  ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുകയുണ്ടായി. ഭാരതത്തില്‍നിന്നുള്ള പുരാവസ്തു ഗവേഷകരെ ഒഴിവാക്കി വിദേശ ബൈബിള്‍ പണ്ഡിതന്മാരെ ഖനനത്തിന്റെ ഭാഗമാക്കിയത് ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ടു. യോഗ്യതയില്ലാത്തവരാണ് പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ടുതന്നെ വേണ്ടത്ര തെളിവുകളില്ലാതെ മുന്‍കൂട്ടി നിശ്ചയിച്ച നിലപാടുകളിലേക്കാകും ഖനനം എത്തിച്ചേരുകയെന്നും ആരോപണമുയര്‍ന്നിരുന്നു. ഖനനത്തിന് നേതൃത്വം നല്‍കിയ ഡോ. പി.ജെ. ചെറിയാന്‍ പുരാവസ്തു ഗവേഷകനല്ല. ഇന്ത്യ കൗണ്‍സില്‍ ഓഫ് ഹിസ്റ്ററിക്കല്‍ റിസര്‍ച്ചും (ഐസിഎച്ച്ആര്‍) പട്ടണം ഖനനത്തിനെതിരാണ്. പട്ടണം പദ്ധതിക്ക് വിദേശത്ത് നിന്നും വന്‍തോതില്‍ പണം ലഭിക്കുന്നതായും വിദേശ ഇടപെടലുകള്‍ തടയണമെന്നും ഐസിഎച്ച്ആര്‍ അംഗവും ലോകപ്രശസ്ത പുരാവസ്തു ശാസ്ത്രജ്ഞനുമായ പ്രൊഫ. ചക്രവര്‍ത്തി തന്റെ പുസ്തകത്തിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. ശാസ്ത്രീയമായ രീതിയിലല്ല ഉല്‍ഖനനം നടന്നത്. ഖനനത്തില്‍നിന്ന് കണ്ടെടുത്തതായി അവകാശപ്പെട്ട പുരാവസ്തുക്കളുടെ പേരില്‍ വന്‍പ്രചാരണം നടത്തിയെങ്കിലും ഇതേക്കുറിച്ച് അന്വേഷിച്ചപ്പോഴൊക്കെ ബന്ധപ്പെട്ടവര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഖനനത്തിന് പിന്നില്‍ മതപരമായ അജണ്ടയുണ്ടെന്ന സംശയം ഇതോടെ ബലപ്പെട്ടു. എഡി 52ല്‍ ക്രിസ്തുവിന്റെ അനുയായിയായ സെന്റ് തോമസ് കേരളത്തിലെത്തിയെന്ന വാദം പ്രമുഖ ചരിത്രകാരന്മാരൊന്നും അംഗീകരിക്കുന്നില്ല. എന്നാല്‍ ഉല്‍ഖനനത്തിന് നേതൃത്വം നല്‍കിയവര്‍ സെന്റ് തോമസ് വന്നതായി അവകാശപ്പെടുന്നവരാണ്. ഈ അവകാശവാദം സ്ഥാപിക്കലാണ് ഖനനത്തിന്റെ ലക്ഷ്യമെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഇത് സംബന്ധിച്ച് അന്വേഷണത്തിനും കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.