കൊച്ചി: ഓസ്‌ട്രേലിയയിലേക്ക് ബോട്ടുമാര്‍ഗം പോകാനായി കൊച്ചി മുനമ്പത്ത് എത്തിയ ആറ് ശ്രീലങ്കന്‍ പൗരന്മാരെ പൊലീസ് അറസ്റ്റുചെയ്തു. ഇവരെ കൊച്ചിയില്‍ എത്തിച്ച നാല് ഏജന്റ് മാരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ വിവിധ ലങ്കന്‍ പുനരധിവാസ ക്യാമ്പുകളില്‍ നിന്നുള്ളവരാണ് പിടിയിലായത്. ഇവര്‍ തമ്മില്‍ നേരത്തെ പരിചയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഓസ്‌ട്രേലിയയിലെത്തിക്കാമെന്ന് വാഗ്ദാനം നല്‍കി പണം കൈപ്പറ്റിയ ശേഷം ഇവരെ സ്വകാര്യ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. ഇവരുടെ കയ്യില്‍ മതിയായ യാത്രാരേഖകളും ഉണ്ടായിരുന്നില്ല.