#Shocking_News: കോഴിക്കോട് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഹബ്ബായിമാറാന്‍ സാധ്യത: രഹസ്യാന്വേഷണ വിഭാഗം

കോഴിക്കോട്‌ : കോഴിക്കോട്‌ ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ (ഐ.എസ്‌) തീവ്രവാദസംഘടനയുടെ ഹബ്ബായി മാറാന്‍ സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗം. കോഴിക്കോട്‌ പയ്ാനയക്കല്‍ ചക്കുംകടവ്‌ സ്വദേശിയായ റിയാസ്‌ ഐ.എസില്‍ ചേര്‍ന്നതായി സ്‌ഥിരീകരിച്ചതിനെ തുടര്‍ന്നാണു കോഴിക്കോടുമായി ഇവര്‍ക്കുള്ള ബന്ധം വിശദമായി പരിശോധിക്കുന്നത്‌. ഐ.എസ്‌. ബന്ധത്തെ തുടര്‍ന്ന്‌ കഴിഞ്ഞ ദിവസം ഗള്‍ഫ്‌ രാജ്യങ്ങളില്‍നിന്ന്‌ നാടുകടത്തപ്പെട്ട യുവാക്കള്‍ റിയാസുമായി അടുപ്പമുള്ളവരാണെന്നാണ്‌ പോലീസിനു ലഭിച്ച വിവരം.
മതതീവ്രവാദ സംഘടനകളുമായി അടുപ്പമുള്ള യുവാക്കളെയും മറ്റും ഐ.എസിലേക്കു റിക്രൂട്ട്‌ ചെയ്യാനുള്ള സാധ്യതയുള്ളതിനാല്‍ കോഴിക്കോട്ട്‌ നിരീക്ഷണം കര്‍ശനമാക്കാന്‍ ഉന്നത ഇന്റലിജന്‍സ്‌ ഉദ്യോഗസ്‌ഥര്‍ നിര്‍ദേശം നല്‍കി.
വിദേശത്ത്‌ പ്രത്യേകിച്ച്‌, ഗള്‍ഫ്‌ രാജ്യങ്ങളില്‍ കാണാതായ മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്നലെ കോഴിക്കോട്‌ ചേര്‍ന്ന രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്‌ഥരുടെ യോഗം തീരുമാനിച്ചു. ഗള്‍ഫ്‌ രാജ്യങ്ങളില്‍നിന്നു തിരിച്ചുവരുന്നവരെ കര്‍ശനമായി നിരീക്ഷിക്കാനും ഉദ്യോഗസ്‌ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.
റിയാസ്‌ പ്രവാസി മലയാളികളെ ഐ.എസിലേക്ക്‌ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നതായി കേന്ദ്ര ഏജന്‍സികള്‍ സംസ്‌ഥാന രഹസ്യാന്വേഷണ വിഭാഗത്തിനു മുന്നറിയിപ്പു നല്‍കിയിരുന്നു.
റിയാസിന്റെ പിതാവ്‌ അബ്‌ദുറഹ്‌മാനെ ഇന്റലിജന്‍സ്‌ വിഭാഗം ഡിവൈ.എസ്‌.പിമാര്‍ മണിക്കൂറുകളോളം ചോദ്യംചെയ്‌തെങ്കിലും റിയാസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ല.
യു.എ.ഇയില്‍ വച്ച്‌ ഇറാന്‍ സ്വദേശിയായ ബിസിനസുകാരനെ റിയാസ്‌ പരിചയപ്പെട്ടിരുന്നെന്ന്‌ പിതാവ്‌ മൊഴി നല്‍കി. ഈ ഇറാന്‍ സ്വദേശിയെ തിരിച്ചറിഞ്ഞിട്ടില്ല. വീട്ടുകാരുമായി യാതൊരു വിധത്തിലും റിയാസ്‌ ബന്ധപ്പെട്ടിരുന്നില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും അബ്‌ദുറഹ്‌മാന്‍ മൊഴി നല്‍കി.

റാസല്‍ഖൈമയില്‍നിന്ന്‌ ഐ.എസിലേക്ക്‌

കോഴിക്കോട്‌ : യു.എ.ഇയിലെ റാസല്‍ഖൈമയിലെ പഠനശേഷം കോഴിക്കോട്ടുകാരനായ റിയാസ്‌ എത്തിപ്പെട്ടത്‌ ഐ.എസില്‍. പ്ലസ്‌ ടു വരെ റാസല്‍ഖൈമയിലെ കോളജിലാണു പഠിച്ചത്‌. പിന്നീട്‌ ജോലിക്കായി ശ്രമിച്ചു. ജോലി അന്വേഷിച്ചു വീടുവിട്ട റിയാസ്‌ വര്‍ഷങ്ങളായിട്ടും തിരിച്ചെത്താത്തതിന്റെ വേദനയിലാണ്‌ പയ്യാനക്കല്‍ ചക്കുംകടവ്‌ പാരഡൈസ്‌ കോളനിയിലെ മാളിയേക്കല്‍ വീട്ടിലുള്ളവര്‍.
റിയാസിന്റെ പിതാവും മാതാവും അടങ്ങുന്ന കുടുംബം കഴിഞ്ഞ ദിവസമാണു യു.എ.ഇയില്‍നിന്നു ചക്കുംകടവിലെ വീട്ടില്‍ തിരിച്ചെത്തിയത്‌. അബ്‌ദുറഹ്‌മാന്റെ മാളിയേക്കല്‍ വീടിനെക്കുറിച്ചോ മകന്‍ റിയാസിനെക്കുറിച്ചോ പുറത്താര്‍ക്കും കുടുതലൊന്നും അറിയില്ല.
റിയാസ്‌ ഐ.എസില്‍ അകപ്പെട്ടതെങ്ങനെയെന്നു വീട്ടുകാര്‍ക്കറിയില്ല. രണ്ടു വര്‍ഷം മുമ്പാണ്‌ മകനെ കാണാതായതെന്ന്‌ അബ്‌ദുറഹ്‌മാന്‍ പറഞ്ഞു. മാതാവുമായി ബന്ധപ്പെട്ടിരുന്നെങ്കിലും യു.എ.ഇയിലെ വീട്ടിലും റിയാസ്‌ വരാറുണ്ടായിരുന്നില്ല.
പഠനത്തെക്കുറിച്ചല്ലാതെ മറ്റു കാര്യങ്ങളൊന്നും തനിക്കറിയില്ലായിരുന്നു. ആരെയെങ്കിലും കാണാതായാല്‍ അന്വേഷിക്കാന്‍ അവിടെ സ്വാതന്ത്ര്യമില്ല. മറ്റു രാജ്യങ്ങളില്‍നിന്ന്‌ അവിടെ താമസിക്കുന്നവര്‍ക്ക്‌ അതിന്‌ അധികാരമില്ല. റിയാസ്‌ ഐ.എസിന്റെ കസ്‌റ്റഡിയിലുണ്ടെന്നാണു വിവരം. ഐ.എസിനെക്കുറിച്ചോ മറ്റു കാര്യങ്ങളോ അവന്‍ തന്നോടു സംസാരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
റിയാസിന്റെ വീട്ടിലുള്ളവര്‍ വൈകാരികമായാണ്‌ മാധ്യമപ്രവര്‍ത്തകരോടു പെരുമാറിയത്‌. റിയാസിനെക്കുറിച്ചോ മറ്റുള്ള കാര്യങ്ങളോ ചോദിക്കരുതെന്ന നിലപാടിലാണു വീട്ടുകാര്‍.

Courtesy:www.mangalam.com

© 2024 Live Kerala News. All Rights Reserved.