ക്ലോക്ക് നിർമ്മിച്ച് അറസ്റ്റിലായ മുസ്‍‌ലിം വിദ്യാർഥിക്ക് ഒബാമയുടെയും സുക്കർബർഗിന്റെയും ക്ഷണം

വാഷിങ്ടൺ :സ്വയം നിർമ്മിച്ച ക്ലോക്കുമായി സ്കൂളിലെത്തിയ പതിനാലുകാരനായ മുസ്‌ലിം വിദ്യാർഥിയെ കൈയിലുള്ളത് ബോംബാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂൾ അധികൃതർ പരാതി നൽകിയതിനെ തുടർന്നായിരുന്നു നടപടി. യുഎസിൽ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. തെറ്റിദ്ധാരണ വ്യക്തമായതോടെ പൊലീസ് വിട്ടയച്ച അഹമ്മദ് മുഹമ്മദിനെത്തേടി തൊട്ടുപിന്നാലെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെയും ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗിന്റെയും ക്ഷണമെത്തി. ഇരുവരുടെയും ആവശ്യം ഒന്നുമാത്രം; ഒൻപതാം ക്ലാസുകാരനായ ഈ മിടുക്കൻ പയ്യനെ ഒന്നു നേരിട്ടു കാണണം!

വീട്ടിൽ നിർമ്മിച്ച ക്ലോക്ക് സ്കൂളിൽ ടീച്ചറെ കാണിക്കാൻ അഹമ്മദ് കൊണ്ടുപോയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ക്ലോക്ക് സയൻസ് ടീച്ചറെ കാണിക്കുന്നതിനിടയിൽ മറ്റൊരു ടീച്ചർ ഇതു കാണുകയും ബോംബാണെന്നു തെറ്റിദ്ധരിച്ച് പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന്, പൊലീസ് അഹമ്മദിനെ അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിലെത്തിച്ചു. വിശദമായ പരിശോധനയിൽ അഹമ്മദ് കൊണ്ടുവന്നത് ബോംബല്ലെന്നും ക്ലോക്കാണെന്നും കണ്ടെത്തിയതിനെത്തുടർന്ന് അഹമ്മദിനെ വിട്ടയച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ സംഭവം പുറത്തറിഞ്ഞ് വിവാദമായതോടെ വരുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കാനൊരുങ്ങുന്ന ഹിലരി ക്ലിന്റനുൾപ്പെടെ നിരവധി പേർ അഹമ്മദിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

ഒക്ടോബർ 19 ന് വൈറ്റ്ഹൗസിൽ സംഘടിപ്പിക്കുന്ന ജ്യോതിശാസ്ത്ര രാവിലേക്കാണ് അഹമ്മദ് മുഹമ്മദിനെ ഒബാമ ക്ഷണിച്ചത്. രാജ്യത്തെ പ്രമുഖരായ ശാസ്ത്രജ്ഞരും ബഹിരാകാശ യാത്രികരും എഞ്ചിനീയർമാരും അധ്യാപകരും വിദ്യാർഥികളും പങ്കെടുക്കുന്ന ചടങ്ങിലേക്കുള്ള പ്രസിഡന്റിന്റെ നേരിട്ടുള്ള ക്ഷണം അഹമ്മദിന് ലഭിച്ചു കഴിഞ്ഞു. മാത്രമല്ല, അഹമ്മദിനെ അഭിനന്ദിച്ചുകൊണ്ട് ട്വിറ്ററിൽ ഒബാമ ഒരു പോസ്റ്റുമിട്ടു; വൈറ്റ്ഹൗസിലേക്ക് വരുമ്പോൾ കൂടെ ആ ക്ലോക്കും കൊണ്ടുവരണം. സയൻസ് മേഖലയിൽ തൽപരരായ നിന്നെപ്പോലുള്ള കുട്ടികൾ എന്നെ പ്രചോദിപ്പിക്കാറുണ്ട്. നിന്നെപ്പോലുള്ള കുട്ടികൾ യുഎസ്സിനെ ഇനിയും ഉയരങ്ങളിൽ എത്തിക്കുമെന്നും ഒബാമ ട്വീറ്റ് ചെയ്തു.

ahmed-clock

അഹമ്മദ് നിർമ്മിച്ച ക്ലോക്ക്

എന്തെങ്കിലും നിർമിക്കാൻ കഴിവുള്ളവരെയും അതിന് ആഗ്രഹമുള്ളവരെയും അറസ്റ്റു ചെയ്യുകയല്ല, പ്രോൽസാഹിപ്പിക്കുകയാണ് വേണ്ടതെന്നായിരുന്നു ഫെയ്സ്ബുക്ക് സ്ഥാപകൻ സുക്കർബർഗിന്റെ കുറിപ്പ്. അഹമ്മദിനെപ്പോലുള്ളവരുടെ കയ്യിലാണ് ലോകത്തിന്റെ ഭാവി. അഹമ്മദ്, നീ എപ്പോഴെങ്കിലും ഫെയ്സ്ബുക്ക് ആസ്ഥാനത്ത് വരികയാണെങ്കിൽ എനിക്ക് നിന്നെ കാണണമെന്നുണ്ട്. ഇനിയും ഇത്തരം നിർമിതികൾ തുടരുക– സുക്കർബർഗ് ഫെയ്സ്ബുക്കിൽ എഴുതി.

© 2024 Live Kerala News. All Rights Reserved.