നിബന്ധനകള്‍ പാലിക്കാന്‍ ഗള്‍ഫിലെ ഡോര്‍ ടു ഡോര്‍ കൊറിയര്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യന്‍ അധികൃതരുടെ കര്‍ശന നിര്‍ദേശം

ദുബായ്: നിബന്ധനകള്‍ പാലിക്കാന്‍ ഗള്‍ഫിലെ ഡോര്‍ ടു ഡോര്‍ കൊറിയര്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യന്‍ അധികൃതരുടെ കര്‍ശന നിര്‍ദേശം. കസ്റ്റംസ് ചട്ടങ്ങള്‍ പാലിക്കാതെ അയയ്ക്കുന്ന കാര്‍ഗോ തടഞ്ഞുവയ്ക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പു തന്നതായി അസോസിയേഷന്‍ ഭാരവാഹി ലാല്‍ജി മാത്യു പറഞ്ഞു. നിബന്ധനകള്‍ മിക്കതും നേരത്തേ ഉള്ളതാണെങ്കിലും പല സ്ഥാപനങ്ങളും ഇതു പാലിച്ചിരുന്നില്ല. ഇതുകാരണമാണു സമ്മാനങ്ങളായി അയയ്‌ക്കേണ്ട സാധനങ്ങളെന്ന പേരില്‍ വാണിജ്യാടിസ്ഥാനത്തില്‍ വ്യാപകമായി കാര്‍ഗോ ഇന്ത്യയിലേക്ക് അയച്ചതെന്നും ഒടുവില്‍ അതു സ്വര്‍ണക്കള്ളക്കടത്തിലേക്കു വരെ എത്തിച്ചേര്‍ന്നതെന്നും അധികൃതര്‍ പറയുന്നു.

നിരക്ക് കിലോയ്ക്കു 11 ദിര്‍ഹമാക്കാന്‍ ആലോചന ഡോര്‍ ടു ഡോര്‍ കാര്‍ഗോ നിരക്ക് കിലോയ്ക്കു 11 ദിര്‍ഹമാക്കാന്‍ അസോസിയേഷന്‍ യോഗത്തില്‍ ആലോചന. കിലോയ്ക്ക് ഒന്‍പതു മുതല്‍ 10 ദിര്‍ഹം വരെയാണ് നേരത്തേ ഈടാക്കിയിരുന്നത്. ഭക്ഷ്യവസ്തുക്കള്‍ക്കും ഇലക്‌ട്രോണിക് സാധനങ്ങള്‍ക്കും വെവ്വേറെ നിരക്കായിരുന്നു. എന്നാല്‍ ഇനി മുതല്‍ ഇലക്‌ട്രോണിക് സാധനങ്ങള്‍ ഡോര്‍ ടു ഡോര്‍ വഴി അയയ്ക്കാന്‍ പ്രയാസമായിരിക്കുമെന്നാണു സൂചന. വിമാന ടിക്കറ്റ് നിരക്കിന്റെ ഏറ്റക്കുറച്ചിലിനനുസരിച്ചു പുതിയ നിരക്കില്‍ മാറ്റമുണ്ടാകാനും സാധ്യതയുണ്ട്. ഡോര്‍ ടു ഡോര്‍ വഴി ദിവസവും യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് 50 ടണ്‍ സാധനങ്ങളാണ് അയച്ചിരുന്നത്. യുഎഇയില്‍ മുപ്പതിലേറെ സ്ഥാപനങ്ങള്‍ക്കാണു മിഡിലീസ്റ്റ് ഇന്ത്യന്‍ കാര്‍ഗോ ആന്‍ഡ് കൊറിയര്‍ ഏജന്റ്‌സ് അസോസിയേഷനില്‍ അംഗത്വമുള്ളത്. നിബന്ധനകള്‍ പാലിക്കാത്ത ഒന്‍പതു സ്ഥാപനങ്ങളുടെ അംഗീകാരം ഇന്ത്യന്‍ അധികൃതര്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു

© 2024 Live Kerala News. All Rights Reserved.