‘ഞങ്ങളുടെ പണം ഉപയോഗിക്കാം ക്ഷേത്രത്തില്‍ കയറിയാല്‍ അശുദ്ധം’ ദളിത് സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് പിഴ: നടപടി വിവാദത്തില്‍

 

സിഗാരനഹള്ളി: കര്‍ണ്ണാടകയിലെ ശ്രീ ഭാസവേശ്വര ക്ഷേത്രത്തില്‍ പ്രവേശിച്ച പട്ടിക ജാതി വിഭാഗത്തില്‍ പെട്ട നാല് സ്ത്രീകള്‍ക്ക് മേല്‍ ജാതിക്കാര്‍ പിഴ വിധിച്ചു. ക്ഷേത്രം ‘അശുദ്ധ’മാക്കിയെന്നാരോപിച്ചാണ് സ്ത്രീകള്‍ക്ക് ‘ക്ഷേത്ര മേലാളന്‍മാര്‍’ പിഴ വിധിച്ചത്. ക്ഷേത്രത്തിന് പുറത്ത് പോകാന്‍ മടിച്ച ദളിത് സ്ത്രീകളെ കൈയ്യേറ്റം ചെയ്തു. ക്ഷേത്രത്തിലെ ‘അശുദ്ധി’ മാറ്റാന്‍ ശുദ്ധി കലശം നടത്തുന്നതിന് 1000 രൂപ പിഴയടക്കണമെന്നും വിധിച്ചു. ഹോളനാര്‍സിപൂര്‍ താലൂക്കിലെ സിഗാരനള്ളി ഗ്രാമത്തില്‍ നിലനില്‍ക്കുന്ന ‘അയിത്ത’ത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

50 വയസ്സ് പ്രായമുള്ള തായമ്മയും മറ്റു മൂന്ന് സ്ത്രീകളുമാണ് ജാതിവെറിക്ക് ഇരയായത്. ആഗസ്ത് 31ന് ശ്രീ ഭാസവേശ്വര സ്ത്രീ ശക്തി സംഘ് എന്ന സ്വയം സഹായ സംഘത്തിലെ അംഗങ്ങള്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജ ചെയ്യുന്നതിന് എത്തിയതായിരുന്നു. സംഘത്തിലെ ഒന്‍പത് സ്ത്രീകള്‍ ഉന്നത ജാതിയായി കരുതപ്പെടുന്ന വൊക്കലിംഗ സമുദായത്തിലെ അംഗങ്ങളും തായമ്മയടക്കം നാലുപേര്‍ ദളിതരുമായിരുന്നു. വൊക്കലിഗ സമുദായത്തില്‍പ്പെട്ട ദേവരാജ എന്ന വ്യക്തിയാണ് ദളിത് സ്ത്രീകള്‍ ക്ഷേത്രത്തില്‍ കയറരുതെന്ന് ആവശ്യപ്പെട്ടത്. താഴ്ന്ന ജാതിക്കാര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന് ആവശ്യപ്പെട്ട് തായമ്മയേയും കൂട്ടരേയും ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കാന്‍ ഇയാള്‍ ശ്രമിച്ചു. ക്ഷേത്രവശ്യങ്ങള്‍ക്ക് ദളിതരുടെ കൈയ്യില്‍ നിന്നുള്ള പണം ഉപയോഗിക്കാമെങ്കില്‍ എന്തുകൊണ്ട തങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിച്ചൂകൂടെന്ന് തായമ്മ ചോദിച്ചത് മേല്‍ജാതിക്കാരെ പ്രകോപിപ്പിച്ചു. എതിര്‍ക്കാന്‍ ശ്രമിച്ച ദളിത് സ്ത്രീകളെ മര്‍ദ്ദിക്കാനും ‘ഉന്നതകുല ജാതന്‍’ മുതിര്‍ന്നു.

അടുത്ത ദിവസം ചേര്‍ന്ന ഉന്നത സമുദായ അംഗങ്ങളുടെ യോഗമാണ് ദളിത് സ്ത്രീകള്‍ 1000 രൂപ പിഴയൊടുക്കണമെന്ന് വിധിച്ചത്. ദളിതരുടെ കൈയ്യില്‍ നിന്ന് പിരിക്കുന്ന പണം കൊണ്ട് ഉല്‍സവവും പൂജയും നടത്തുന്നതിലൊന്നും ശ്രീ ഭാസവേശ്വര ക്ഷേത്രത്തിലെ മേലാളര്‍ക്ക് ‘അശുദ്ധി’ തോന്നാറില്ലെന്നതാണ് വിരോധാഭാസം.

ക്ഷേത്രത്തില്‍ മാത്രമല്ല ആഡിറ്റോറിയങ്ങളിലും ദളിതര്‍ക്ക് സിഗാരനഹള്ളിയില്‍ അയിത്തമുണ്ട്. ഹസന്‍ ജില്ലാ പഞ്ചായത്ത് കുറച്ച് വര്‍ഷങ്ങള്‍ മുമ്പ് സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച സമൂഹമഠം മേല്‍ജാതിക്കാരെന്ന് വിശേഷിപ്പിക്കുന്ന വോക്കലിംഗ സമുദായക്കാര്‍ കൈയ്യടക്കി വെച്ചിരിക്കുകയാണെന്ന് ദളിതര്‍ പറയുന്നു. ആഡിറ്റോറിയത്തിന്റെ പേര് വൊക്കലിംഗ ഭവന്‍ എന്ന് മാറ്റാനും ഇക്കൂട്ടര്‍ മടിച്ചില്ല. മുന്‍ പ്രധാന മന്ത്രി എച്ച് ഡി ദേവഗൗഡയുടെ ജന്മസ്ഥലമായ ഹരദനഹള്ളിയിലേക്ക് രണ്ട് കിലോ മീറ്റര്‍ ദൂരമാത്രമാണ് സിഗാരന ഹള്ളിയില്‍ നിന്നുള്ളത്. ആഡിറ്റോറിയം നിര്‍മ്മിക്കുന്നതിന് തന്റെ എംപി ഫണ്ടില്‍ നിന്നും ദേവഗൗഡ അന്ന് ഫണ്ട് അനുവദിച്ചിരുന്നു.

വിവാഹങ്ങളും മറ്റ് പരിപാടികളുമൊന്നും ആഡിറ്റോറിയത്തില്‍ നടത്താന്‍ മേല്‍ജാതിക്കാര്‍ കീഴ് ജാതിക്കാരെന്ന് വിളിക്കുന്നവരെ അനുവദിക്കാറില്ല. കഴിഞ്ഞ വര്‍ഷം ആഡിറ്റോറിയത്തില്‍ ‘മേല്‍ ജാതിക്കാരുടെ’ പരിപാടിക്ക് ഭക്ഷണം നല്‍കാനെത്തിയ പട്ടിക ജാതി വിഭാഗക്കാരനെ കൗമാരക്കാരനെ മര്‍ദ്ദിച്ച് പുറത്ത് തള്ളുകയായിരുന്നെന്നും ഗ്രാമവാസികള്‍ പറയുന്നു.

സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് പിഴ വിധിച്ച നടപടി വിവാദമായതിനെ തുടര്‍ന്ന് ജില്ല സാമൂഹ്യ ക്ഷേമ വകുപ്പ് അന്വേഷണം ആരംഭിച്ചു.

© 2024 Live Kerala News. All Rights Reserved.