നദാല്‍, ഫെഡറര്‍, സെറീന മൂന്നാം റൗണ്ടില്‍

 

ന്യൂയോര്‍ക്ക്: മുന്‍നിര താരങ്ങളായ റാഫേല്‍ നദാലും നൊവാക് ദ്യോകോവിച്ചും മാരിന്‍ സിലിച്ചും സെറീന വില്ല്യംസും യു.എസ്. ഓപ്പണ്‍ ടെന്നിസിന്റെ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു.

പുരുഷ വിഭാഗത്തില്‍ എട്ടാം സീഡായ നദാല്‍ അര്‍ജന്റീനയുടെ ഡീഗോ ഷ്വാര്‍ട്‌സ്മാനെ വിയര്‍ത്തു പൊരുതിയാണ് മറികടന്നത്. സ്‌കോര്‍: 76 (5), 63, 75. മൂന്നാം റൗണ്ടില്‍ ഇറ്റലിയുടെ ഫാബിയോ ഫോഗ്‌നിനിയാണ് നദാലിന്റെ എതിരാളി.

പുരുഷ വിഭാഗം ഒന്നാം സീഡായ നൊവാക് ദ്യോകോവിച്ച് ഓസ്ട്രിയയുടെ ആന്ദ്രെ ഹൈദര്‍ മോററെ ഏകപക്ഷീയമായ സെറ്റുകള്‍ക്കാണ് രണ്ടാം റൗണ്ടില്‍ കീഴ്‌പ്പെടുത്തിയത്. സ്‌കോര്‍: 64, 61, 62.

പുരുഷ വിഭാഗം നിലവിലെ ചാമ്പ്യനായ ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ച് റഷ്യയുടെ എവ്‌ജെനി ഡോണ്‍സ്‌കോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴ്‌പ്പെടുത്തി (62, 63, 75) പുരുഷ വിഭാഗത്തിലെ മറ്റ് മത്സരങ്ങളില്‍ ഏഴാം സീഡായ ഡേവിഡ് ഫെറര്‍ സെര്‍ബിയയുടെ ഫിലിപ്പ് ക്രാജിനോവിച്ചിനയും (75, 75, 76 (5)) പതിനെട്ടാം സീഡ് ഫെലിസിയാനോ ലോപ്പസ് അമേരിക്കയുടെ മാള്‍ഡി ഫിഷിനെയും (26, 63, 16, 75, 63) ഫ്രാന്‍സിന്റെ പത്തൊന്‍പതാം സീഡ് ജോ ഫില്‍ഫ്രഡ് സോംഗ സ്‌പെയിനിന്റെ മാര്‍സല്‍ ഗ്രനോള്ളേഴ്‌സിനെയും (63, 64, 63) തോല്‍പിച്ച് മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു.

വനിതാ വിഭാഗം രണ്ടാം റൗണ്ടില്‍ അട്ടിമറികള്‍ ഒഴിഞ്ഞുനിന്നു. നിലവിലെ ജേതാവും ഒന്നാം സീഡുമായ സെറീന വില്ല്യംസ് തുടക്കത്തില്‍ ഒന്നു പതറിയശേഷമാണ് നെതര്‍ലന്‍ഡ്‌സിന്റെ കികി ബെര്‍ട്ടെന്‍സിനെതിരെ ജയിച്ചുകയറിയത്. സ്‌കോര്‍: 76 (5), 63). സഹോദരിയും 23ാം സീഡുമായ വീനസ് വില്ല്യംസാവട്ടെ ഒരു സെറ്റ് കൈവിട്ടശേഷമാണ് നാട്ടുകാരിയായ ഐറിന ഫാല്‍കോണിയെ തോല്‍പിച്ചത്. സ്‌കോര്‍: 63, 67 (2), 62). പോളണ്ടിന്റെ പതിനഞ്ചാം സീഡായ അഗ്‌നിയേസ്‌ക്ക റാഡ്വാന്‍സ്‌ക മാഗ്ദ ലിനെറ്റെയെയും (63, 62) പതിമൂന്നാം സീഡ് എകതരീന മാകരോവ അമേരിക്കയുടെ ലൗറേന്‍ ഡേവിസിനെയും നേരിട്ടുള്ള സെറ്റുകള്‍ക്ക് (61, 62) പരാജയപ്പെടുത്തി മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു.