കാസർകോടും തൃശൂരും സി.പി.എം-ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെട്ടു, ഹർത്താൽ

കോഴിക്കോട്/തൃശൂർ: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങൾ. കാസർകോട് സി.പി.എം പ്രവർത്തകനും തൃശൂരിൽ ബി.ജെ.പി പ്രവർത്തകനുമാണ് കൊല്ലപ്പെട്ടത്. അക്രമങ്ങളിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ സി.പി.എമ്മും തൃശൂർ കൊടകര പഞ്ചായത്തിൽ ബി.ജെ.പിയും ഹർത്താൽ ആചരിക്കുകയാണ്.

തിരുവോണ ദിവസമാണ് രണ്ടിടത്തും അക്രമങ്ങളുണ്ടായത്. കാസർകോട് കോടോംബേളൂരിൽ സി.പി.എം പ്രവർത്തകനായ ചാമുണ്ഡിക്കുന്ന് സ്വദേശി സി.നാരായണനാണ് കുത്തേറ്റ് മരിച്ചത്. നാരായണന്റെ സഹോദരൻ അരവിന്ദനെ ഗുരുതര പരുക്കുകളോടെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം. ബൈക്കുകളിലെത്തിയ സംഘം നാരായണനെ കുത്തിവീഴ്‌ത്തുകയായിരുന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അരവിന്ദനും കുത്തേറ്റത്. നാരായണൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബി.ജെ.പിയാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു.

തൃശൂർ വെള്ളിക്കുളങ്ങരയിൽവച്ചാണ് ബി.ജെ.പി പ്രവർത്തകനായ അഭിലാഷി(31)ന് വെട്ടേറ്റത്. സുഹൃത്തിനൊപ്പം ബൈക്കിൽ പോകുമ്പോഴായിരുന്നു സംഭവം. ഇന്നലെ ഉച്ചയോടെയാണ് ആക്രമണം നടന്നത്. ബൈക്കോടിച്ചിരുന്ന സുഹൃത്ത് സതീഷിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു. ഈ പ്രദേശത്ത് നേരത്തെ സി.പി.എം-ബി.ജെ.പി സംഘർഷം ഉണ്ടായിരുന്നു.

© 2024 Live Kerala News. All Rights Reserved.