ഓണം പൊടിപൂരമാക്കാന്‍ ഗള്‍ഫ് ഒരുങ്ങി: ഇത്തവണ ഓണത്തിന് 10 കോടിയുടെ പച്ചക്കറി കൊച്ചിയില്‍ നിന്ന്

 

ദുബായ്: ഗള്‍ഫിലെ ഓണാഘോഷങ്ങള്‍ക്ക് ഇത്തവണ കൊച്ചിയില്‍നിന്ന് അയയ്ക്കുന്നത് 19 ലക്ഷം കിലോഗ്രാം പച്ചക്കറി. ഏതാണ്ട് പത്തു കോടിയോളം രൂപ വില വരുന്ന പച്ചക്കറിയാണ് ഇവിടെനിന്ന് ഓണം സീസണില്‍ ഗള്‍ഫ് മേഖലയിലേക്കു പറക്കുന്നത്. സാധാരണ ദിവസങ്ങളില്‍ പ്രതിദിനം 140 മുതല്‍ 150 വരെ ടണ്‍ പച്ചക്കറി നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നു വിവിധ ഏജന്‍സികള്‍ അയയ്ക്കുന്നുണ്ട്. ഓണത്തോടനുബന്ധിച്ച് ഇത് പ്രതിദിനം 200 മുതല്‍ 210 ടണ്‍ വരെയായി ഉയരും. 19 മുതല്‍ തന്നെ കൊച്ചിയില്‍നിന്ന് അധിക പച്ചക്കറി കയറ്റിയയയ്ക്കുന്നുണ്ട്. ഇത് ഉത്രാടം നാള്‍ ആയ 27 വരെ തുടരും. ഇന്നു വൈകിട്ട് ദുബായില്‍നിന്ന് എമിറേറ്റ്‌സിന്റെ പ്രത്യേക കാര്‍ഗോ വിമാനം എത്തുന്നുണ്ട്. ഇതില്‍ 100 ടണ്ണിലേറെ പച്ചക്കറി അയയ്ക്കും. ഇത്തവണ കോഴിക്കോടു വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാത്തതിനാല്‍ അവിടെ നിന്നുള്ള പച്ചക്കറികളും നെടുമ്പാശേരി വഴിയാണ് അയയ്ക്കുന്നത്.ഇത് പ്രതിദിനം ഏതാണ്ട് 45 മുതല്‍ 50 വരെ ടണ്‍ കാണും. എല്ലായിനം പച്ചക്കറികളും അയയ്ക്കുന്നുണ്ടെങ്കിലും മത്തങ്ങ, ചേന, ഏത്തക്കായ, കുമ്പളങ്ങ, കാരറ്റ്, പയര്‍, മുരിങ്ങക്കായ, ഏത്തപ്പഴം തുടങ്ങിയവയ്ക്കാണ് ആവശ്യമേറെ. ഏത്തക്കായ ഒരു മാസം മുന്‍പേ അധികമായി അയച്ചു തുടങ്ങിയതായി കാര്‍ഗോ ഏജന്‍സി അധിക!ൃതര്‍ പറഞ്ഞു. കുടുംബസമേതം ഗള്‍ഫില്‍ താമസിക്കുന്നവര്‍ തനതു മലയാളി സംസ്‌കാരം അനുസരിച്ച് ഏത്തക്കായ വാങ്ങി ഉപ്പേരിയും ശര്‍ക്കരവരട്ടിയും സ്വന്തമായി ഉണ്ടാക്കി ഉപയോഗിക്കുകയും സുഹൃത്തുക്കള്‍ക്ക് സമ്മാനമായി നല്‍കുകയും ചെയ്യുന്ന പതിവുണ്ടെന്ന് ഇവര്‍ പറഞ്ഞു. ഓണത്തോടടുത്ത ദിവസങ്ങളില്‍ പപ്പടം, ഏത്തപ്പഴം, തൂശനില, വറുത്ത ചിപ്‌സ് (ഏത്തക്കായ, ചേന, കടച്ചക്ക തുടങ്ങിയവ) എന്നിവ കൂടുതലായി അയയ്ക്കും. അത്തത്തിന്റെ തലേനാള്‍ മുതല്‍, പൂക്കളത്തിനുപയോഗിക്കുന്ന പൂക്കള്‍ കയറ്റിയയയ്ക്കുന്നുണ്ട്. പ്രതിദിനം രണ്ടു ടണ്‍ പൂക്കള്‍ ഓണം സീസണില്‍ അയയ്ക്കുന്നു. ഉയര്‍ന്ന വില കാരണം ഇവിടെനിന്നു കൂടുതല്‍ സവാള അയയ്ക്കാനാകുന്നില്ല. അതേസമയം, നേരത്തേ കിട്ടിയിട്ടുള്ള ഓര്‍ഡര്‍ പ്രകാരം നിശ്ചിത അളവ് സവാള അയയ്ക്കാതിരിക്കാനുമാകുന്നില്ല. ഇവിടെനിന്നുള്ള സവാളയെക്കാള്‍ കുറഞ്ഞ നിരക്കില്‍ പാക്കിസ്ഥാനില്‍നിന്നും മറ്റുമുള്ള സവാള ഗള്‍ഫില്‍ ലഭിക്കുമെന്നതിനാല്‍ ഇന്ത്യന്‍ സവാളയ്ക്കു പ്രിയം കുറഞ്ഞിട്ടുണ്ട്. ഇത്തവണത്തെ മറ്റൊരു പ്രത്യേകത കേരളത്തില്‍നിന്നുള്ള ജൈവ പച്ചക്കറികളുടെ ലഭ്യതയാണ്. മലയാളികള്‍ക്ക് ഇവിടെ അടുക്കളയില്‍ ഉപയോഗിക്കാന്‍ ലഭിക്കുന്ന ജൈവ പച്ചക്കറികളിലൊരു ഭാഗം വിദേശത്തെ ബന്ധുക്കള്‍ക്കുമെത്തിക്കുന്നതില്‍ മലയാളികള്‍ പിശുക്കു കാട്ടുന്നില്ലെന്ന് കയറ്റുമതി ഏജന്‍സികള്‍ ചൂണ്ടിക്കാട്ടി. ഇതു പക്ഷേ അളവില്‍ തീരെ കുറവാണ്. പ്രത്യേകം പായ്ക്ക് ചെയ്താണ് ജൈവ പച്ചക്കറി അയയ്ക്കുന്നത്.

© 2024 Live Kerala News. All Rights Reserved.