അധികാരത്തിലെത്തിയാല്‍ ബീഹാറിനെ പുതിയ ഉയരങ്ങളിലെത്തിക്കും… ബീഹാറിന് 1.25 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് മോദി

ആര(ബിഹാർ): നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാറിന് 1.25 ലക്ഷം കോടിയുടെ പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ബി.ജെ.പി അധികാരത്തിൽ വന്നാൽ ബിഹാറിനെ പുതിയ ഉയരങ്ങളിൽ എത്തിക്കുമെന്നും മോദി പറഞ്ഞു. ബിഹാറിലെ ആരയിൽ പരിവർത്തൻ റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.

ബിഹാറിന്റെ വിധി മാറ്റിയെഴുതാനുള്ള സമയമാണ് വന്നിരിക്കുന്നത്. യു.പി.എ സർക്കാർ 12,000 കോടി രൂപ പ്രഖ്യാപിച്ച സ്ഥലത്ത് ഞാൻ 1.25 ലക്ഷം കോടിയുടെ പാക്കേജ് ഞാൻ പ്രഖ്യാപിക്കുകയാണ്.  നേരത്തെ അനുവദിച്ച 40,657 കോടി കൂടാതെയാണിത്. വികസനം ഉണ്ടായാൽ മാത്രമെ ബിഹാറിലെ ദാരിദ്ര്യം തുടച്ച് നീക്കാനാവൂ. അതിനു വേണ്ടി, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിങ്ങൾ ബി.ജെ.പിയെ അധികാരത്തിൽ എത്തിക്കണം- മോദി പറഞ്ഞു.

സാന്പത്തിക സ്ഥിതിയിൽ പിന്നാക്കം നിൽക്കുന്ന സംസ്ഥാനമല്ല ബിഹാറെന്ന് ആവർത്തിക്കുന്ന മുഖ്യമന്ത്രി നിതീഷ് കുമാർ എന്തിനാണ് കേന്ദ്രത്തോട് ഏപ്പോഴും സാന്പത്തിക പാക്കേജ് ആവശ്യപ്പെടുന്നതെന്ന് മോദി ചോദിച്ചു. നിതീഷ് പറയുന്നത് ശരിയാണെങ്കിൽ അത് സന്തോഷമുള്ള കാര്യമാണ്. പക്ഷേ, ഒന്ന് ചോദിച്ചോട്ടെ: ആരോഗ്യവാനായ ഒരാൾ ഡോക്ടറെ കാണേണ്ട കാര്യമെന്താണ്- പ്രധാനമന്ത്രി പറഞ്ഞു. ആഹാരം കഴിച്ച് വയർ നിറഞ്ഞിരിക്കുന്ന ഒരാൾ ഒരിക്കലും ഭക്ഷണം ചോദിക്കാറില്ല. പക്ഷേ, ബിഹാർ സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന സംസ്ഥാനമല്ലെന്ന് പറയുന്നവർ മറ്റുവരുടെ മുന്പിൽ കൈ നീട്ടുന്നത് എന്തിനാണെന്നും മോദി ചോദിച്ചു.

© 2024 Live Kerala News. All Rights Reserved.