‘രാമക്ഷേത്ര പ്രതിഷ്ഠയ്ക്കും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനും മുര്‍മുവിനെ ക്ഷണിച്ചില്ല’; മോദിക്കെതിരെ ഖാര്‍ഗെ

ഡല്‍ഹി: രാജ്യത്തുടനീളം പട്ടികജാതി വിഭാഗക്കാര്‍ ഇപ്പോഴും വിവേചനം നേരിടുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. താഴ്ന്ന ജാതിക്കാരായതിനാല്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനേയും മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെയും ബിജെപി സര്‍ക്കാര്‍ അപമാനിച്ചുവെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനും മുര്‍മുവിനെ ക്ഷണിച്ചില്ലെന്നും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടാന്‍ കോവിന്ദിനെ അനുവദിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഖാര്‍ഗെയുടെ പരാമര്‍ശങ്ങളുണ്ടായത്.

രാഷ്ട്രീയ നിര്‍ബന്ധം മൂലമാണ് കോണ്‍ഗ്രസ് രാമക്ഷേത്ര പ്രതിഷ്ഠയില്‍ നിന്ന് വിട്ടുനിന്നതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തെ ഖാര്‍ഗെ എതിര്‍ത്തു. പല ക്ഷേത്രങ്ങളിലും ഇപ്പോഴും പട്ടികജാതിക്കാര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഞാന്‍ അയോധ്യയില്‍ പോയിരുന്നെങ്കില്‍ അവരത് സഹിക്കുമോ’എന്നായിരുന്നു ഖാര്‍ഗെയുടെ മറുപടി. മോദിയുടെ 400 സീറ്റ് നേടുമെന്ന പ്രചാരണത്തേയും ഖാര്‍ഗെ എതിര്‍ത്തു. ജനങ്ങള്‍ മാറ്റത്തിന് ആഗ്രഹിക്കുന്നുണ്ടെന്നും അതിനാല്‍ മൂന്നാം ടേം ബിജെപിക്ക് ലഭിക്കില്ലെന്നും ഖാര്‍ഗെ പറഞ്ഞു. വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടന മാറ്റിയെഴുതുമെന്നാണ് അവര്‍ പറയുന്നതെന്നും ഖാര്‍ഗെ മുന്നറിയിപ്പ് നല്‍കി.

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കേണ്ടതായിരുന്നുവെന്ന് കരുതിയിരുന്നോ എന്ന ചോദ്യത്തിന്, അത് വ്യക്തിപരമായ വിശ്വാസമാണെന്ന് ഖാര്‍ഗെ മറുപടി പറഞ്ഞു. ആര്‍ക്ക് വേണമെങ്കിലും ആ ദിവസമോ, അടുത്ത ദിവസമോ, മറ്റേതെങ്കിലും ദിവസമോ പോകാം. മോദി പൂജാരിയല്ല. രാമവിഗ്രഹം സ്ഥാപിക്കുന്നതിന് അദ്ദേഹം എന്തിന് നേതൃത്വം നല്‍കണം. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി മോദി അത് ചെയ്തു. ക്ഷേത്രത്തിന്റെ മൂന്നിലൊന്ന് പണി പൂര്‍ത്തിയായിട്ടില്ല. ഇത് രാഷ്ട്രീയ ചടങ്ങാണോ മതപരമായ ചടങ്ങാണോ നിങ്ങള്‍ എന്തിനാണ് മതത്തെ രാഷ്ട്രീയത്തില്‍ കലര്‍ത്തുന്നത്.

ഇന്നും എല്ലാ ക്ഷേത്രങ്ങളിലും എന്റെ ആളുകള്‍ക്ക് പ്രവേശനമില്ല. രാമക്ഷേത്രം വിടൂ, എവിടെ പോയാലും പ്രവേശനത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഒരു ഗ്രാമത്തിലെ ചെറിയ ക്ഷേത്രങ്ങളില്‍ പോലും അവര്‍ പ്രവേശനം അനുവദിക്കില്ല. നിങ്ങള്‍ കുടിവെള്ളം അനുവദിക്കില്ല, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കില്ല, കുതിരപ്പുറത്ത് ഘോഷയാത്ര പോകുന്ന വരനെപ്പോലും നിങ്ങള്‍ സഹിക്കില്ല. ആളുകള്‍ അവരെ തല്ലുകയാണ്. ഞാന്‍ പോയാലും അവരത് സഹിക്കുമായിരുന്നോ എന്നും ഖാര്‍ഗെ ചോദിച്ചു.

© 2024 Live Kerala News. All Rights Reserved.