200 കോടി സമ്പാദ്യം സംഭാവന നല്‍കി സന്യാസം സ്വീകരിക്കാന്‍ തയ്യാറെടുത്ത് ദമ്പതികള്‍

സൂറത്ത്: തങ്ങള്‍ സമ്പാദിച്ച മുഴുവന്‍ സ്വത്തുവകകളും സംഭാവന നല്‍കിയശേഷം സന്യാസം സ്വീകരിക്കാന്‍ തയ്യാറെടുത്ത് ദമ്പതികള്‍. ഗുജറാത്തിലെ വ്യവസായിയും ഹിമ്മത്ത്നഗര്‍ സ്വദേശിയുമായ ഭവേഷ് ഭണ്ഡാരിയും ഭാര്യയുമാണ് ഫെബ്രുവരിയില്‍ നടന്ന ചടങ്ങില്‍ ഏകദേശം 200 കോടി രൂപയോളം വരുന്ന സമ്പാദ്യം ദാനം ചെയ്തത്. ജൈനവിഭാഗത്തില്‍പ്പെട്ട ഇരുവരും ഈ മാസം നടക്കുന്ന ചടങ്ങില്‍ സന്യാസം സ്വീകരിക്കും. നാലു കിലോമീറ്ററോളം യാത്ര നടത്തിയാണ് ഇവര്‍ തങ്ങളുടെ ഭൗതികവസ്തുക്കളെല്ലാം മറ്റുള്ളവര്‍ക്ക് നല്‍കിയത്.

നഗ്‌നപാദരായി രാജ്യമാകെ സഞ്ചരിക്കേണ്ട ഇവര്‍ക്ക് ഭിക്ഷാടനം നടത്തിയാവും ജീവിക്കേണ്ടിവരിക. രണ്ടു വെളുത്ത വസ്ത്രങ്ങളും ഭിക്ഷാപാത്രവും മാത്രമാവും യാത്രയില്‍ ഒപ്പമുണ്ടാകുക. കഴിഞ്ഞ വര്‍ഷം ഗുജറാത്തിലെ കോടീശ്വരനായ വജ്രവ്യാപാരിയും ഭാര്യയും സമാനമായ രീതിയില്‍ സന്യാസം സ്വീകരിച്ചിരുന്നു. അവരുടെ 12 വയസ്സുള്ള മകന്‍ സന്യാസം സ്വീകരിച്ച് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഇതേപാത സ്വീകരിച്ചത്.

മൊബൈല്‍ ഫോണും എസിയും മറ്റുപകരണങ്ങളും ഇത്തരത്തില്‍ നല്‍കി. രഥത്തില്‍ രാജകീയ വസ്ത്രങ്ങള്‍ ധരിച്ച് ഇവര്‍ സഞ്ചരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഭവേഷിന്റെ 19 വയസ്സുള്ള മകളും 16 വയസ്സുള്ള മകനും 2022-ല്‍ സന്യാസം സ്വീകരിച്ചിരുന്നു. ഇവരുടെ പാത പിന്തുടര്‍ന്നാണ് മാതാപിതാക്കള്‍ സന്യാസ വഴി തിരഞ്ഞെടുത്തത്. ഏപ്രില്‍ 22-ന് നടക്കുന്ന ചടങ്ങില്‍ സന്യാസദീക്ഷ സ്വീകരിച്ചാല്‍ കുടുംബ ബന്ധങ്ങളും ത്യജിക്കും. തുടര്‍ന്ന് ഭൗതികവസ്തുക്കള്‍ ഒന്നും ഇവര്‍ക്ക് സ്വന്തമാക്കി വയ്ക്കാനുമാവില്ല.

© 2024 Live Kerala News. All Rights Reserved.