മഹാരാജാസ് കോളേജ് ഇന്ന് തുറക്കും, ഇനി മുതൽ വൈകിട്ട് 6 മണിക്ക് ശേഷം കോളേജ് വളപ്പിൽ വിദ്യാർത്ഥികൾക്ക് പ്രവേശനമില്ല

കൊച്ചി: ദിവസങ്ങൾ നീണ്ട അവധിക്ക് ശേഷം മഹാരാജാസ് കോളേജ് ഇന്ന് തുറക്കും. വിദ്യാർത്ഥി സംഘർഷത്തെ തുടർന്നാണ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടത്. വിദ്യാർത്ഥി സംഘടന പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് കോളേജ് ഇന്ന് തുറക്കാൻ തീരുമാനമായത്. അതേസമയം, ഇനി മുതൽ വൈകിട്ട് 6 മണിക്ക് ശേഷം കോളേജ് വളപ്പിൽ പ്രവേശിക്കാൻ വിദ്യാർത്ഥികൾക്ക് അനുമതിയില്ലെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ഷജില ബീവി ഇതിനോടകം അറിയിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങൾ കൂടി കോളേജിൽ പോലീസിന്റെ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ്.

എസ്എഫ്ഐ, കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് ഈ മാസം 18-നാണ് മഹാരാജാസ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ കോളേജ് അധികൃതർ തീരുമാനിച്ചത്. വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അബ്ദുൾ നാസറിന് കുത്തേറ്റിരുന്നു. അതേസമയം, കോളേജിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 5 സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണമെന്ന് മുൻ പ്രിൻസിപ്പൽ കത്ത് മുഖാന്തരം സർക്കാറിനെ അറിയിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.