കുരീപ്പുഴ ശ്രീകുമാറിന്റെ കവിത ക്യാംപസില്‍ പോസ്റ്ററാക്കി; മഹാരാജാസ് കോളെജിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍

കൊച്ചി: കുരീപ്പുഴ ശ്രീകുമാറിന്റെ കവിത ക്യാംപസില്‍ പോസ്റ്ററാക്കിയതിന് എറണാകുളം മഹാരാജാസ് കോളെജിലെ അഞ്ച് വിദ്യാര്‍ത്ഥികളെ കോടതി റിമാന്‍ഡ് ചെയ്തു. പൊതുമുതല്‍ നശിപ്പിച്ചുവെന്നും മതവിദ്വേഷപ്രചരണം നടത്തിയെന്നും ആരോപിച്ച് ജാമ്യമില്ലാ വകുപ്പുകള്‍ അനുസരിച്ചാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത് എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് റിമാന്‍ഡ്. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ അര്‍ജ്ജുന്‍ ആനന്ദ് (19), നിഥിന്‍ വിജയന്‍ (20), ആനന്ദ് ദിനേഷ് (20), രാഖേഷ് കെ (20), മുഹമ്മദ് ഹിജാസ് (20) എന്നിവരാണ് റിമാന്‍ഡില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍. പൊതുമുതല്‍ നശിപ്പിച്ചു എന്നാരോപിച്ച് കോളെജ് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറിയിച്ചു. ഒരു വിദ്യാര്‍ത്ഥിക്കെതിരെ കൂടി ഇതേ കേസ് നിലനില്‍ക്കുന്നുണ്ട്.

6666

ഹിന്ദുവിന്റെ കോടാലി മുസ്ലിമിന്റെ കോടാലിയോട് പറഞ്ഞു ‘നമ്മളിന്നു കുടിച്ച ചോരക്കു ഒരേ രുചി’ എന്ന കവിത പതിച്ചതിന്റെ പേരിലാണ് കേസ് എടുത്തതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഈ കവിത മതസ്പര്‍ദയുണ്ടാക്കുന്നു എന്നാണ് കോളജ് പ്രിന്‍സിപ്പലിന്റെ പരാതിയെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കോളെജില്‍ പൊലീസ് രാജ് ആണ് നടപ്പാക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി.ഒരുമാസം മുമ്പേ കാംപസില്‍ പതിച്ച പോസ്റ്ററുകളുടെ പേരിലാണ് ഇപ്പോള്‍ റിമാന്‍ഡ്. നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തിരുന്നില്ല. എസ്എഫ്‌ഐയില്‍നിന്ന് അകന്ന വിദ്യാര്‍ത്ഥികളും എസ്എഫ്‌ഐയും തമ്മില്‍ കഴിഞ്ഞ ദിവസം കോളെജിലുണ്ടായ തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ പഴയ കേസിലുള്ള അറസ്റ്റ് എന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

© 2024 Live Kerala News. All Rights Reserved.