60 എംഎൽഎമാരുമായി ബിജെപിയിൽ ചേരാൻ കർണാടക മന്ത്രി ദേശീയ നേതൃത്വവുമായി ചർച്ച നടത്തി? വൻ വെളിപ്പെടുത്തലുമായി കുമാരസ്വാമി

ബെംഗളൂരു: കർണാടകയിലെ മന്ത്രിയായ ഒരു മുതിർന്ന കോൺ​ഗ്രസ് നേതാവ് ബിജെപിയിൽ ചേരാൻ ബിജെപി ദേശീയ നേതൃത്വവുമായി ചർച്ച നടത്തിയെന്ന വെളിപ്പെടുത്തലുമായി ജെ.ഡി.എസ്. നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി. 60 കോൺ​ഗ്രസ് എംഎൽഎമാരുമായി ബിജെപിയിൽ ചേരാനാണ് മുതിർന്ന കോൺ​ഗ്രസ് നേതാവ് ചർച്ച നടത്തിയതെന്നും അദ്ദേഹം പറയുന്നു.

ഞായറാഴ്ച ഹാസനിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കുമാരസ്വാമി ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ഒരു മുതിർന്ന മന്ത്രി ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം ബി.ജെ.പി.യിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച് കേന്ദ്രനേതാക്കളെ സമീപിച്ചു. 50 മുതൽ 60 വരെ എം.എൽ.എ.മാരുമായി ബി.ജെ.പി.യിൽ ചേരാമെന്നും ആറുമാസം സാവകാശം തരണമെന്നും ആവശ്യപ്പെട്ടു’ -കുമാരസ്വാമി പറഞ്ഞു.

എന്നാൽ, ഏതുമന്ത്രിയാണ് ബി.ജെ.പി.യെ സമീപിച്ചതെന്നും ആരുമായാണ് ചർച്ചനടത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തിയില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം കർണാടകത്തിൽ എന്തും സംഭവിക്കാം. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 135 സീറ്റ് നേടി. എന്നാൽ, അവരുടെ യഥാർഥസ്ഥാനമെന്താണെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അറിയാമെന്നും കുമാരസ്വാമി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.