ഗാസയിലെ താത്കാലിക വെടിനിർത്തൽ രണ്ടു ദിവസത്തേക്ക് കൂടി നീട്ടി;കൂടുതൽ പേരുടെ പട്ടിക കൈമാറി

ഗാസയിലെ താത്കാലിക വെടിനിര്‍ത്തല്‍ രണ്ടു ദിവസത്തേക്ക് കൂടി നീട്ടിയ സാഹചര്യത്തില്‍ കൂടുതലായി വിട്ടയയ്ക്കുന്ന കൂടുതല്‍ പേരുടെ പട്ടിക ഹമാസ് കൈമാറിയതായി ഇസ്രയേല്‍ സൈന്യം. വെള്ളിയാഴ്ച ആരംഭിച്ച നാല് ദിവസത്തെ താത്കാലിക വെടിനിര്‍ത്തല്‍ കഴിഞ്ഞ ദിവസം അവസാനിക്കാനിരിക്കെയാണ് ഖത്തറിന്റെയും ഈജിപ്തിന്റെയും അമേരിക്കയുടെയും മധ്യസ്ഥതയില്‍ ഇസ്രയേലും ഹമാസുമായി ചര്‍ച്ച നടന്നത്. അതുപ്രകാരമാണ് വെടിനിര്‍ത്തല്‍ രണ്ടുദിവസത്തേക്ക് കൂടി നീട്ടാന്‍ ധാരണയായത്.

ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 240ലധികം പേരെ ഹമാസ് ബന്ദികളാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. ഇതില്‍ വിദേശ പൗരന്മാരും ഉള്‍പ്പെട്ടിരുന്നു. ബന്ദികളാക്കപ്പെട്ടവരുടെ കുടുംബങ്ങളില്‍നിന്ന് വലിയ തോതിലുള്ള സമ്മര്‍ദ്ദമാണ് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മേല്‍ ഉണ്ടായിരുന്നത്. അതാണ് ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്താന്‍ ഇസ്രയേലിനെ പ്രേരിപ്പിച്ച പ്രധാന ഘടകം.നേരത്തെ തീരുമാനിച്ച ധാരണയ്ക്ക് പുറമെ പത്ത് ബന്ദികളെ കൂടി മോചിപ്പിച്ചാല്‍ വെടിനിര്‍ത്തല്‍ ഒരു അധിക ദിവസത്തേക്ക് കൂടി നീട്ടുമെന്ന് ഇസ്രയേല്‍ അറിയിച്ചിരുന്നു. എന്നാല്‍ ഹമാസിനെ നശിപ്പിക്കുകയും ഗാസയിലെ ഭരണം അവസാനിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തില്‍നിന്ന് പിന്നോട്ട് പോകില്ലെന്ന് തന്നെയാണ് ഇസ്രയേലിന്റെ നിലപാട്.

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഏകദേശം 15,000 പലസ്തീനികളെ കൊല്ലപ്പെട്ടേക്കിലും ഹമാസിന്റെ താവളങ്ങള്‍ കണ്ടെത്താനോ ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്ന ഇടങ്ങളിലേക്ക് എത്തിച്ചേരാനോ സൈന്യത്തിന് കഴിഞ്ഞിരുന്നില്ല.പുതിയ ധാരണപ്രകാരം വ്യാഴാഴ്ച രാവിലെ വരെയാണ് വെടിനിര്‍ത്തല്‍ നീട്ടിയത്. ഇത് കൂടുതല്‍ പേരുടെ മോചനത്തിന് വഴിയൊരുക്കും. അതിന്റെ ഭാഗമായി മോചിപ്പിക്കുന്ന ആദ്യ സംഘം ബന്ദികളുടെ പട്ടിക ഹമാസ് നല്‍കിയതായി ഇസ്രയേലി ആര്‍മി റേഡിയോ അറിയിച്ചു. പ്രഥമ വെടിനിര്‍ത്തല്‍ ധാരണയുടെ അവസാന ദിവസം ഇസ്രയേലും ഹമാസും വിട്ടയച്ചവരുടെ കൈമാറ്റം പൂര്‍ത്തിയായതായി റെഡ് ക്രോസും പറഞ്ഞു. സമയം ദീര്‍ഘിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി ഖത്തര്‍ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന്റെ ആദ്യ നാലുദിവസങ്ങളില്‍ ഇരുഭാഗങ്ങളിലായി 200ലേറെ പേര്‍ വിട്ടയക്കപ്പെട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.