നടിമാർക്കെതിരെ സ്ത്രീവിരുദ്ധപരാമർശം: മൻസൂർ അലി ഖാനെതിരേ നടപടിയെടുക്കുമെന്ന് ദേശീയ വനിതാ കമ്മിഷൻ

ചെന്നൈ: സ്ത്രീവിരുദ്ധപരാമർശം നടത്തിയ നടൻ മൻസൂർ അലി ഖാനെതിരേ നടപടിയെടുക്കുമെന്ന് ദേശീയ വനിതാ കമ്മിഷൻ അംഗം ഖുശ്ബു സുന്ദർ. ഇത്തരം വൃത്തികെട്ട മനോഭാവമുള്ളവരെ വെറുതേവിടാനാവില്ലെന്ന് ഖുശ്ബു പറഞ്ഞു. ഈ വിഷയം വനിതാ കമ്മിഷനിലെ മറ്റ് അംഗങ്ങളുമായി ചർച്ചചെയ്തിട്ടുണ്ടെന്നും ഉടൻ നടപടിസ്വീകരിക്കുമെന്നും ഖുശ്ബു വ്യക്തമാക്കി.

നടിമാരെയും ബലാത്സംഗരംഗങ്ങളെയും ബന്ധപ്പെടുത്തി മൻസൂർ അലി ഖാൻ നടത്തിയ പരാമർശത്തിനെതിരെ ചലച്ചിത്രലോകത്തെ പ്രമുഖർ വിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്. വിജയ്‌യും തൃഷയും കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ച ‘ലിയോ’ എന്ന സിനിമയെക്കുറിച്ചുള്ള അഭിമുഖത്തിൽ തൃഷ, ഖുശ്ബു, റോജ എന്നിവരുടെ പേരെടുത്തുപറഞ്ഞായിരുന്നു മൻസൂർ അലി ഖാന്റെ വിവാദപരാമർശം. തൃഷ തന്നെയാണ് മൻസൂർ അലി ഖാന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരണവുമായി രംഗത്തുവന്നത്. ഇനിയൊരിക്കലും നടനൊപ്പം അഭിനയിക്കില്ലെന്നും തൃഷ വ്യക്തമാക്കി.

© 2023 Live Kerala News. All Rights Reserved.