ഗാസയില്‍ നിന്നു കുടിയിറക്കപ്പെട്ടത് ഏഴ് ലക്ഷം കുട്ടികള്‍

ലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന നിരന്തരമായ ക്രൂരതകള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് കുട്ടികളെയാണ്. യൂണിസെഫിന്റെ കണക്ക് പ്രകാരം ഇതുവരെ ഏഴ് ലക്ഷം കുട്ടികളാണ് ഗാസയില്‍ നിന്നു കുടിയിറക്കപ്പെട്ടത്. മാനുഷികമായ ആവശ്യങ്ങള്‍ വര്‍ധിക്കുന്നതിനാല്‍തന്നെ അടിയന്തരമായ വെടിനിര്‍ത്തലിന് യൂണിസെഫ് ആവശ്യപ്പെട്ടിട്ടുണ്ട്.

ബുധനാഴ്ചയോട് കൂടി പലസ്തീന്‍ എന്‍ക്ലേവിലേക്ക് ഇന്ധനങ്ങള്‍ അനുവദിച്ചില്ലെങ്കില്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ടി വരുമെന്ന് പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ ഏജന്‍സിയും വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ആക്രമണം 38 ദിവസത്തിലേക്കെത്തുമ്പോള്‍ ഇതുവരെ കുട്ടികളടക്കം 11,200ഓളം പേരാണ് പലസ്തീനില്‍ കൊല്ലപ്പെട്ടത്.ഓക്‌സിജന്‍ ലഭ്യതക്കുറവു കാരണം ഏഴു കുട്ടികള്‍ മരണപ്പെട്ടതായി ഡോ. മുഹമ്മദ് അബു സെല്‍മിയ ബിബിസിയോട് പറഞ്ഞു. ഇന്ധന വിതരണം നിലച്ചതോടെ ഇന്‍കുബേറ്റര്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാത്തതാണ് ആശുപത്രികളിലെ സാഹചര്യം കൂടുതല്‍ ദുഷ്‌കരമാക്കിയത്.

ഗാസയിലെ കാന്‍സര്‍ ചികിത്സയ്ക്കുള്ള ഏക സൗകര്യമായ അല്‍ റാന്റിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടികള്‍ അപകടകരമായ അവസ്ഥയെ അഭിമുഖീകരിക്കുകയാണെന്ന് പലസ്തീന്‍ കുട്ടികളുടെ ദുരിതാശ്വാസ നിധിയുടെ സ്ഥാപകനായ സ്റ്റീവ് സൊസെബീ അല്‍ ജസീറയോട് പറഞ്ഞു. ചികിത്സയിലുള്ള കുട്ടികളുമായി ബന്ധപ്പെടുന്നത് ബുദ്ധിമുട്ടാകുന്നുവെന്നും എന്‍ക്ലേവിലെ കുട്ടികളെ മോചിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

© 2024 Live Kerala News. All Rights Reserved.