കല്‍പ്പാത്തി രഥോത്സവം നാളെ; അഗ്രഹാര വീഥിയിലൂടെ നാളെ പ്രയാണം നടത്തുക മൂന്ന് രഥങ്ങള്‍

പാലക്കാട്: ചരിത്രപ്രസിദ്ധമായ കല്‍പ്പാത്തി രഥോത്സവത്തിന് നാളെ തുടക്കം. രഥോത്സവത്തിന്റെ സജ്ജീകരണങ്ങള്‍ എല്ലാം കല്‍പ്പാത്തിയില്‍ ഒരുങ്ങി കഴിഞ്ഞു. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ ശിവന്‍, ഗണപതി, സുബ്രമണ്യന്‍ എന്നിവരുടെ മൂന്ന് രഥങ്ങളാണ് നാളെ അഗ്രഹാര വീഥിയിലൂടെ പ്രയാണം നടത്തുക.

ഇന്ന് വൈകിട്ടോടെ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ തേരുകള്‍ രഥപ്രയാണത്തിന് തയ്യാറാക്കും. നാളെ രാവിലെ 10നാണ് രഥപ്രയാണത്തിന് തുടക്കമാവുക. ആദ്യം വിശ്വനാഥ സ്വാമി, ഗണപതി, സുബ്രമണ്യന്‍ എന്നിവരുടെ രഥങ്ങളാണ് അഗ്രഹാര വീഥികളില്‍ പ്രയാണം നടത്തുക. 15നാണ് പുതിയ കല്‍പ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം നടക്കുക.

രഥോത്സവത്തിരക്ക് ഇതിനോടകം തന്നെ കല്‍പ്പാത്തിയില്‍ ആരംഭിച്ചു കഴിഞ്ഞു. കാഴ്ചക്കാരും കച്ചവടക്കാരും തുടങ്ങി ആയിരങ്ങളാണ് നിലവില്‍ കല്‍പ്പാത്തിയില്‍ തമ്പടിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വന്‍ സുരക്ഷാ സംവിധാനവും കല്‍പ്പാത്തിയില്‍ സജ്ജമാണ്.

© 2024 Live Kerala News. All Rights Reserved.