ഖത്തറില്‍ 8 മുൻ നാവികർക്ക് വധശിക്ഷ: ഇന്ത്യ അപ്പീല്‍ നല്‍കിയതായി വിദേശകാര്യ മന്ത്രാലയം

ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് നാവികരുടെ മോചനത്തിനായി ഇന്ത്യ അപ്പീല്‍ സമർപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം. ഇവരുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് ഖത്തറില്‍നിന്ന് ഔദ്യോഗിക വിവരം ലഭിച്ച ഉടന്‍തന്നെ നയതന്ത്ര തലത്തില്‍ ഇവരുടെ മോചനത്തിനായി ഇന്ത്യ നടപടികള്‍ ആരംഭിച്ചിരുന്നെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.

”വിഷയത്തില്‍ ഇന്ത്യ ഖത്തര്‍ അധികൃതരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേസില്‍ വിധി രഹസ്യമാണ്. ഇത്‌ നിയമ സംഘവുമായി പങ്കുവച്ചിട്ടുണ്ട്. ഈ കാര്യത്തിൽ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്,” ബാഗ്ചി പറഞ്ഞു.

അതേസമയം, എട്ട് പേരുടെ കുടുംബാംഗങ്ങളുമായി തങ്ങൾ ബന്ധപ്പെട്ടിരുന്നെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ കുടുംബാംഗങ്ങളെ കണ്ടിരുന്നെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എന്നാൽ, ഖത്തര്‍ കോടതിയുടെ വിധിപ്പകര്‍പ്പ് കുടുംബാംഗങ്ങള്‍ക്ക് നല്‍കാത്തതിനെ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി രൂക്ഷമായി വിമര്‍ശിച്ചു.

ഖത്തര്‍ പോലെ ഇന്ത്യയുമായി വളരെ സൗഹൃദമുള്ള ഒരു രാജ്യത്തില്‍ നടത്തിയ വിധി എന്തുകൊണ്ടാണ് രഹസ്യമാക്കി വയ്ക്കുന്നതെന്നായിരുന്നു തീവാരി ചോദിച്ചത്. 2022 ഓഗസ്റ്റിലായിരുന്നു ഖത്തറില്‍ പ്രതിരോധ കമ്പനിയായ ദഹാര ഗ്ലോബലില്‍ ജോലി ചെയ്തിരുന്ന എട്ട് മുൻ ഇന്ത്യന്‍ നാവിസേനാ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത്. ഇവർക്കായി സമര്‍പ്പിച്ച നിരവധി ജാമ്യാപേക്ഷകള്‍ നിരസിക്കുകയും അവര്‍ക്കെതിരെ കുറ്റം ചുമത്തുകയും ചെയ്ത ഖത്തര്‍ പിന്നീട് വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.