യുഎന്‍ പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നതിനോട് കടുത്ത വിയോജിപ്പ്’; സോണിയ ഗാന്ധി

ദില്ലി: ഹമാസ്- ഇസ്രായേല്‍ യുദ്ധത്തില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. ഇസ്രായേലിലെയും, പാലസ്തീനിലെയും ജനങ്ങള്‍ക്ക് സമാധാനത്തോടെ കഴിയാന്‍ അവകാശമുണ്ടെന്ന് സോണിയാഗാന്ധി പറഞ്ഞു. പലസ്തീന്‍ ജനതയുടെ അവകാശലംഘനം കണ്ടില്ലെന്ന് നടിച്ചാണ് പ്രധാനമന്ത്രി ഇസ്രയേലിന് പിന്തുണ നല്‍കിയത്. യുഎന്‍ പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടു നിന്ന നിലപാടിനോട് കടുത്ത വിയോജിപ്പ് അറിയിക്കുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു.

ഇസ്രായേല്‍ ജനതയുമായുള്ള സൗഹൃദത്തിനും കോണ്‍ഗ്രസ് മൂല്യം കല്‍പിക്കുന്നു. അതിന്റെയര്‍ത്ഥം അവരുടെ മുന്‍കാല ചെയ്തികള്‍ മറന്നുവെന്നല്ലെന്നും സോണിയാഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഗാസയില്‍ സമാധാനം പുലരണമെന്ന് ആവശ്യപ്പെട്ടുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തിലെ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്ന ഇന്ത്യയുടെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ ഐ സി സി അംഗം പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു. യു എന്‍ പ്രമേയത്തിലെ ഇന്ത്യന്‍ നിലപാട് ഞെട്ടപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതുമെന്നാണ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചിരുന്നു. രാജ്യമെന്ന നിലയില്‍ ഇന്ത്യ ഇതുവരെ നേടിയ എല്ലാ പുരോഗതികള്‍ക്കും എതിരാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെന്നും അവര്‍ അഭിപ്രായപ്പെട്ടു. കണ്ണിന് പകരം കണ്ണ് എന്ന നിലപാട് ലോകത്തെ അന്ധരാക്കുമെന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ആമുഖമായി കുറിച്ചുകൊണ്ട് സമൂഹമാധ്യമമായ എക്‌സിലൂടെയാണ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്.

© 2024 Live Kerala News. All Rights Reserved.