ഭാവിയില്‍ നെഹ്രു-ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരും: സോണിയ ഗാന്ധി

ഭാവിയില്‍ നെഹ്രു-ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരുമെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. 2004 ല്‍ മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയാക്കാന്‍ തീരുമാനിച്ചത് തന്നെക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥിയാത് കൊണ്ടെന്നും സോണിയ ഗാന്ധി പറഞ്ഞു. ഇന്ത്യ ടുഡെ കോണ്‍ക്ലൈവ് ടുഡൈയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.

നരേന്ദ്രമോദിയെ അപേക്ഷിച്ച് വാജ്‌പേയി പാര്‍ലമെന്ററി സംവിധാനത്തെ ബഹുമാനിച്ചിരുന്നുവെന്ന് സോണിയ ഗാന്ധി പറഞ്ഞു.ജനാധിപത്യ സംവിധാനം എന്നാല്‍ ചര്‍ച്ചകള്‍ക്കും അഭിപ്രായ ഭിന്നതകള്‍ക്കും അവസരമുണ്ടാകണം, അല്ലാതെ ആത്മസംഭാഷണങ്ങള്‍ മാത്രമല്ല. കോണ്‍ഗ്രസിന്റെ നയങ്ങളെ വിമര്‍ശിക്കുന്ന മോദി സര്‍ക്കാരിനെതിരെ സോണിയ ശക്തമായി തിരിച്ചടിച്ചു. 2014 മെയ് 16 ന് മുന്‍പ് ഇന്ത്യ വെറും തമോഗര്‍ത്തമായിരുന്നോ? വെറും നാല് വര്‍ഷം കൊണ്ടാണോ ഇന്ത്യ പുരോഗതിയിലേക്ക് സഞ്ചരിച്ചതെന്നും മോദി സര്‍ക്കാരിനെ ‘കൊട്ടി’ സോണിയ ചോദിച്ചു. തന്റെ കുറവുകള്‍ തനിക്ക് അറിയാം. 2004ല്‍ സോണിയ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കണമെന്ന് ശക്തമായ ആവശ്യം ഉയര്‍ന്നപ്പോഴും അതിന് തയ്യാറാകാതിരുന്നത് തന്നെക്കാള്‍ നന്നായി പ്രവര്‍ത്തിക്കുക മന്‍മോഹന്‍ സിങ് ആയിരിക്കും എന്ന് തോന്നിയത് കൊണ്ടാണെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

19 വര്‍ഷം കോണ്‍ഗ്രസ് അധ്യക്ഷയായി പ്രവര്‍ത്തിച്ച സോണിയ ഗാന്ധി കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് രാഹുല്‍ ഗാന്ധിക്കായി സ്ഥാനമൊഴിഞ്ഞത്. കോണ്‍ഗ്രസിന് ജനങ്ങളുമായി സംവദിക്കാന്‍ പുതിയ വഴി കണ്ടെത്തേണ്ടത് ആവശ്യമാണെന്നും അവര്‍ പറഞ്ഞു.