ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്രം ന്യൂജേഴ്‌സിയില്‍ ഒക്ടോബര്‍ 18ന് തുറക്കും

ന്യൂജഴ്‌സി: യു.എസിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം തുറക്കുന്നു. ന്യൂജഴ്‌സിയില്‍ പണിപൂര്‍ത്തിയാകിയ ബി.എ.പി.എസ് സ്വാമിനാരായണ്‍ അക്ഷര്‍ധാം ക്ഷേത്രം ഒക്ടോബര്‍ പതിനെട്ടിനാണ് ഭക്തര്‍ക്കായി തുറക്കുന്നത്.ന്യൂജഴ്‌സിയിലെ റോബിന്‍സ്വില്ലെ ടൗണ്‍ഷിപ്പില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം,183 ഏക്കറിലാണ് വ്യാപിച്ചുകിടക്കുന്നത്. 12 വര്‍ഷം കൊണ്ടാണു നിര്‍മാണം പൂര്‍ത്തിയായത്. യു.എസിലെ 12500 പേരാണ് ക്ഷേത്രനിര്‍മാണത്തില്‍ പങ്കാളികളായത്.

രണ്ടാം സ്ഥാനം സ്വാമിനാരായണ്‍ അക്ഷര്‍ധാം ക്ഷേത്രത്തിനാവും. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ചുവടുപിടിച്ചാണു ന്യൂജഴ്‌സിയിലെ ക്ഷേത്രം ഒരുക്കിയിട്ടുള്ളത്. ഇന്ത്യന്‍ സംഗീതോപകരണങ്ങള്‍, നൃത്തരൂപങ്ങള്‍, ദേവീദേവ രൂപങ്ങള്‍ എന്നിങ്ങനെ പതിനായിരത്തിലേറെ ശില്‍പ്പങ്ങളും കൊത്തുപണികളും ഇവിടെയുണ്ട്. പ്രധാന ശ്രീകോവിലിനു പുറമെ 12 ഉപശ്രീകോവിലുകളും ഒമ്പത് ഗോപുരങ്ങളും ഒമ്പത് പിരമിഡ് ഗോപുരങ്ങളുമാണ് ക്ഷേത്രത്തില്‍ വിസ്മയം തീര്‍ക്കുന്നത്.

ഗ്രാനൈറ്റ്, പിങ്ക് മണല്‍ക്കല്ല്, മാര്‍ബിള്‍ എന്നിവയുള്‍പ്പെടെ ഏകദേശം രണ്ട് ദശലക്ഷം ക്യുബിക് അടി കല്ലാണ് ക്ഷേത്രത്തിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചത്. ഇന്ത്യ, തുര്‍ക്കി, ഗ്രീസ്, ഇറ്റലി, ചൈന എന്നിവയുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവ കെണ്ടുവന്നത്. ലോകമെമ്പാടുമുള്ള 300-ലധികം ജലാശയങ്ങളില്‍ നിന്നുള്ള ജലങ്ങളുള്ള ‘ബ്രഹ്മകുണ്ഡ്’ എന്ന് വിളിക്കപ്പെടുന്ന ഒരു പരമ്പരാഗത ഇന്ത്യന്‍ പടിക്കിണറും ക്ഷേത്രത്തിലുണ്ട്.

© 2024 Live Kerala News. All Rights Reserved.