ലക്‌നൗ: സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുകയാണ്. ഇതിനിടെ ഉദയനിധിയുടെ പ്രസ്താവനയ്ക്ക് എതിരെ പ്രതികരണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത് എത്തി. സനാതന ധര്‍മ്മത്തിന് നേരെ മുമ്പ് നടന്നിട്ടുള്ള ആക്രമണങ്ങള്‍ ദയനീയമായി പരാജയപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ഉദാഹരണ സഹിതം വ്യക്തമാക്കി.
‘രാവണന്റെ അഹങ്കാരത്തിന് ഇല്ലാതാക്കാന്‍ കഴിയാത്ത സനാതന ധര്‍മ്മം, കംസന്റെ ഗര്‍ജ്ജനത്തെ പരാജയപ്പെടുത്തിയ സനാതന ധര്‍മ്മം, ബാബറിന്റെയും ഔറംഗസേബിന്റെയും ക്രൂരതകള്‍ക്ക് ഇല്ലാതാക്കാന്‍ കഴിയാത്ത സനാതന ധര്‍മ്മം, ഇതിനെയാണ് ഇന്നത്തെ ഈ നിസ്സാര അധികാരമോഹികളായ പരാന്നഭോജികള്‍ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നത്’, യോഗി ആദിത്യനാഥ് ചൂണ്ടിക്കാണിച്ചു. – ജന്മാഷ്ടമിയോടനുബന്ധിച്ച് പൊലീസിന്റെ സാംസ്‌കാരിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൂര്യനെപ്പോലെ ഊര്‍ജസ്രോതസ്സായി സനാതന ധര്‍മ്മത്തെ വിശേഷിപ്പിച്ച അദ്ദേഹം, സനാതന ധര്‍മ്മത്തിലേക്ക് വിരല്‍ ചൂണ്ടുന്നത് മനുഷ്യരാശിയെ ഇല്ലാതാക്കാനുള്ള ദുരുദ്ദേശ്യപരമായ ശ്രമത്തിന് തുല്യമാണെന്നും പറഞ്ഞു.