അത്യാധുനിക സൗകര്യങ്ങൾ! ഹൈബ്രിഡ് ബസുകൾ പുറത്തിറക്കാനൊരുങ്ങി കെഎസ്ആർടിസി സ്വിഫ്റ്റ്

സംസ്ഥാനത്ത് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഹൈബ്രിഡ് ബസുകൾ നിരത്തിലിറക്കാനൊരുങ്ങി കെഎസ്ആർടിസി സ്വിഫ്റ്റ്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയും തിരിച്ചുമാണ് സർവീസ് നടത്തുക. ചിങ്ങം ഒന്ന് മുതൽ ഹൈബ്രിഡ് ബസുകൾ ഓടിത്തുടങ്ങും. നിലവിൽ, സർവീസ് ആരംഭിക്കാനിരിക്കുന്ന രണ്ട് ഹൈബ്രിഡ് ബസുകൾ തിരുവനന്തപുരത്ത് എത്തിച്ചിട്ടുണ്ട്.

ഒരേസമയം 42 പേർക്കാണ് ഹൈബ്രിഡ് ബസിൽ യാത്ര ചെയ്യാൻ സാധിക്കുക. 15 സ്ലീപ്പർ ബർത്തുകളും, 27 സെമി സ്ലീപ്പർ സീറ്റുകളും ഉണ്ട്. ഓരോ സീറ്റിലും പ്രത്യേകം ചാർജിംഗ് പോയിന്റുകളും, ലൈറ്റുകളും ഘടിപ്പിക്കുന്നതാണ്. കൂടാതെ, ഓൺലൈൻ ബസ് ട്രാക്കിംഗ് സംവിധാനം, നിരീക്ഷണ ക്യാമറകൾ, അനൗൺസ്മെന്റ് സംവിധാനം എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. പദ്ധതി വിജയകരമായി പൂർത്തിയാക്കുന്നതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഹൈബ്രിഡ് ബസുകൾ സർവീസ് നടത്തുന്നതാണ്. ഇതാദ്യമായാണ് സ്ലീപ്പർ, സെമി സ്ലീപ്പർ സീറ്റുകൾ അടങ്ങിയ ഹൈബ്രിഡ് ബസുകൾ കെഎസ്ആർടിസിയുടെ ഭാഗമാകുന്നത്.

© 2024 Live Kerala News. All Rights Reserved.