ഒരാഴ്ച്ചത്തെ ആയുർവേദ ചികിത്സക്കായി രാഹുൽ ​ഗാന്ധി ഇന്ന് കോട്ടക്കലെത്തും

കൊച്ചി: ആയുർവേദ ചികിത്സക്കായി രാഹുൽ ഗാന്ധി ഇന്ന് പത്തുമണിയോടെ കോട്ടക്കൽ ആര്യ വൈദ്യശാലയിലെത്തും. മാനേജിംഗ് ട്രസ്റ്റി പി എം മാധവൻ കുട്ടി വാര്യരുടെ മേൽനോട്ടത്തിലാണ് ചികിത്സ. ഒരാഴ്ച്ച നീളുന്ന ചികിത്സയിൽ കെസി വേണുഗോപാലും ഒപ്പം ഉണ്ടാകും. ഇന്നലെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത രാഹുൽ രാത്രി വൈകിയാണ് തിരിച്ചു പോയത്.

ഇന്നലെ രാവിലെ കേരളത്തിലെത്തിയ രാഹുൽഗാന്ധി വൈകുന്നേരം കോട്ടക്കലിൽ ചികിത്സക്ക് എത്തുമെന്നായിരുന്നു വിവരം. എന്നാൽ ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകൾ നീണ്ടുപോയതോടെ ഇന്നലെ കോട്ടക്കലിലേക്ക് പോകാൻ കഴിഞ്ഞില്ല. രാത്രി ഏറെ വൈകിയാണ് സംസ്കാര ചടങ്ങുകൾ തീർന്നത്. സംസ്കാര ചടങ്ങ് നടക്കുന്ന പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളിയിലെത്തിയാണ് രാഹുല്‍ ഗാന്ധി ആദരാഞ്ജലി അര്‍പ്പിച്ചത്. വള്ളക്കാലിലെ വീട്ടില്‍ നിന്ന് പള്ളിയിലേക്കുള്ള വിലാപ യാത്രയിലും രാഹുൽ ഗാന്ധി പങ്കെടുത്തിരുന്നു. എന്നാൽ സംസ്കാര ചടങ്ങുകൾ നീണ്ടതോടെ രാത്രി രാഹുൽ മടങ്ങി. ബെംഗളൂരുവിലും ഉമ്മൻചാണ്ടിയെ കാണാൻ രാഹുലും സോണിയയും എത്തിയിരുന്നു. സിദ്ധരാമയ്യയും മല്ലികാർജ്ജുൻ ഖാർഗെയും രാഹുലിനും സോണിയക്കുമൊപ്പമുണ്ടായിരുന്നു.

© 2023 Live Kerala News. All Rights Reserved.