Special Report: ഹിന്ദു അവകാശ പത്രിക നടപ്പാക്കാത്തപക്ഷം സംസ്ഥാനത്ത് ഹൈന്ദവ രോഷമുയരുമെന്ന് ഹിന്ദു ഐക്യവേദിയുടെ മുന്നറിയിപ്പ്… മുഖ്യമന്ത്രി ഹിന്ദു ഐക്യവേദി നേതാക്കളുമായി വീണ്ടും ചര്‍ച്ച നടത്തും..

തിരുവനന്തപുരം: ഹിന്ദു അവകാശപത്രിക നടപ്പാക്കുന്നത് സംബന്ധിച്ച് ഹൈന്ദവ നേതാക്കളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീണ്ടും ചര്‍ച്ച നടത്തും. അവകാശപത്രികയില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ച് വിവിധ വകുപ്പുകളുമായി കൂടിയാലോചനക്കു ശേഷമാകും ഇത്. വകുപ്പുതല സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തി മൂന്നാഴ്ച്ചക്കകം ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന് ശേഷം ഹൈന്ദവ നേതാക്കളുമായി ഉന്നതതല ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം  ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഹിന്ദുസമൂഹത്തിന്റെ ജീവല്‍ പ്രശ്‌നങ്ങളോട് നിഷേധാത്മക നിലപാട് കൈക്കൊള്ളുന്ന സര്‍ക്കാര്‍ നിലപാടിലുള്ള ഉത്കണ്ഠയും പ്രതിഷേധവും മുഖ്യമന്ത്രിയെ നേരില്‍കണ്ട് ഹിന്ദു സംഘടനാ നേതാക്കള്‍ അറിയിച്ചു. ഹിന്ദു അവകാശ പത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നല്‍ ഹിന്ദു ഐക്യവേദയിടെ ആഭിമുഖ്യത്തില്‍  സത്യഗ്രഹം നടത്തിവരികയാണ്.

2012 മേയ് 23-നാണ് ഹിന്ദു അവകാശ പത്രിക  മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. 2014 സെപ്തംബര്‍ 9ന് ചേര്‍ന്ന ഔദേ്യാഗിക ചര്‍ച്ചായോഗ തീരുമാനം ഇതുവരെയും നടപ്പിലായിട്ടില്ല. ലംപ്‌സംഗ്രാന്റ് വര്‍ദ്ധന, ഭൂരഹിതര്‍ക്ക് ഭൂമി, പൊതുശ്മശാനം, വനവാസി ഭൂമിപ്രശ്‌നം എന്നീ വിഷയങ്ങളിലെ ഔദേ്യാഗിക ചര്‍ച്ച തീരുമാനം നടപ്പിലാക്കുന്നതില്‍ വകുപ്പധികാരികള്‍ വീഴ്ച വരുത്തിയതായി കുമ്മനം മുഖ്യമന്ത്രിയെ അറിയിച്ചു. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍, പട്ടികജാതി/വര്‍ഗവിദ്യാര്‍ത്ഥികളോട് തികഞ്ഞ അവഗണനയാണ് പുലര്‍ത്തുന്നത്. മുന്നാക്ക വിഭാഗത്തിലെ പൂജാരിമാര്‍ക്കും അമ്പലവാസി സമൂഹത്തിനും, ക്ഷേമപദ്ധതികള്‍, ആനുകൂല്യങ്ങള്‍, കാലാനുസൃത ശമ്പള വര്‍ദ്ധനവ് എന്നിവ പ്രഖ്യാപിക്കുന്നതിന് യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 114 സമുദായ സംഘടനകളുടെ നേതൃസമ്മേളന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈന്ദവ നേതാക്കള്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പ്രതിഷേധം അറിയിച്ചത്.

സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കുമ്മനം രാജശേഖരന്‍, ഇ.എസ്.ബിജു, ആള്‍ ഇന്ത്യ വീരശൈവമഹാസഭ ജനറല്‍ സെക്രട്ടറി കെ.വി.ശിവന്‍, അഖിലേന്ത്യാ നാടാര്‍ അസോസിയേഷന്‍ സംഘടനാ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്‍, കേരള പുലയര്‍ മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി. വാവ, വേണു കെ.ജി.പിള്ള (ആള്‍ കേരളാ വെള്ളാള ഫെഡറേഷന്‍), കെ. രംഗനാഥന്‍ (ചക്കാല കമ്മ്യൂണിസ്റ്റീസ് ഫെഡറേഷന്‍), മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി ബിന്ദു മോഹനന്‍, ഹിന്ദുഐക്യവേദി സംസ്ഥാന സമിതിയംഗം തിരുമല അനില്‍ എന്നിവരാണ് മുഖ്യമന്ത്രിയെ നേരില്‍ കണ്ടത്.

പിന്നാക്ക സമൂഹക്ഷേമത്തിനും പരമ്പരാഗത വ്യവസായ, തൊഴില്‍മേഖലാ സംരക്ഷണത്തിനും കാലങ്ങളായി നടപടിയില്ലന്ന് ഹിന്ദു നേതാക്കള്‍ പറഞ്ഞു. ആര്‍ട്ടിസാന്‍സ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷനെ നോക്കുകുത്തിയാക്കി അധഃപതിപ്പിച്ചു. വിശ്വകര്‍മ ക്ഷേമത്തെക്കുറിച്ച് പഠിച്ച് തയ്യാറാക്കിയ ശങ്കരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കാബിനറ്റ്‌പോലും ചര്‍ച്ച ചെയ്യാതെ അവഗണിച്ചു. ശബരിമല, ഗുരുവായൂര്‍, ശ്രീപത്മനാഭസ്വാമിക്ഷേത്രം, ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് എന്നീകാര്യങ്ങളില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണ്. ദേവസ്വം ഭരണകാര്യങ്ങളിലും അനുബന്ധകാര്യങ്ങളിലും സര്‍ക്കാര്‍ രാജാണ് നടപ്പിലാക്കുന്നത്. കടലില്‍ മത്സ്യബന്ധനത്തിന് ഹിന്ദു മത്സ്യത്തൊഴിലാളികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ ഹിന്ദുക്കള്‍ക്ക് നീതി ലഭിച്ചില്ല. ഭൂരഹിതരില്‍ ഭൂരിഭാഗവും ഹിന്ദുക്കളില്‍ നിന്നായിരിക്കെ ആദിവാസികളുമായി ഒപ്പിട്ട കരാറുകളെല്ലാം അട്ടിമറിച്ചു. ചെങ്ങറ കരാര്‍, മുത്തങ്ങകരാര്‍, നില്‍പ്പ് സമര കരാര്‍ എന്നിവ അട്ടിമറിച്ചു. മൂന്ന് സെന്റ് പാര്‍പ്പിട ഭൂമി പദ്ധതിയും എങ്ങുമെത്തിയിട്ടില്ല  ആവശ്യങ്ങള്‍ പഠിച്ച് അടിയന്തര നടപടിയെടുക്കാമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഉറപ്പു നല്‍കി
Courtesy:www.janmabhumidaily.com

© 2024 Live Kerala News. All Rights Reserved.