വൈദ്യസഹായവും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കണം; ഇന്ത്യയോട് സഹായാഭ്യർഥനയുമായി യുക്രൈൻ പ്രസിഡന്റ് സെലൻസ്കി

ന്യൂഡൽഹി: ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ച് യുക്രൈ​ന്റെ കത്ത്. വൈദ്യസഹായവും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കണമെന്ന് അഭ്യർഥിച്ചാണ് ഇന്ത്യക്ക് യുക്രെയിൻ കത്ത് അയച്ചത്. യുക്രൈൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി വഴിയാണ് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി ഇന്ത്യൻ പ്രധാനമന്ത്രിക്ക് കത്ത് നൽകിയത്. യുക്രൈനിൽ റഷ്യൻ ആക്രമണം തുടരുന്നതിനിടെയാണ് സെലൻസ്കി സഹായം തേടിയത്. മാത്രമല്ല ഇന്ത്യയിലെ ജി20 യോഗത്തിൽ യുക്രൈൻ പ്രസിഡന്റിനെ കൂടി പങ്കെടുപ്പിക്കണമെന്നും അഭ്യർഥിനയുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് യുക്രൈൻ അഭിമുഖീകരിക്കുന്നത്. റഷ്യയുടെ അധിനിവേശം ഉക്രെയ്നിലെ പതിനഞ്ച് വർഷത്തെ സാമ്പത്തിക പുരോഗതി ഇല്ലാതാക്കി. മൊത്ത ആഭ്യന്തര ഉൽപ്പാദനം ഇരുപത്തിയൊമ്പത് ശതമാനം കുറയ്ക്കുകയും 1.7 ദശലക്ഷം ഉക്രേനിയക്കാരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്തുവെന്ന് ലോക ബാങ്ക് റിപ്പോർട്ട് പുറത്തുവന്നിരുന്നു. യുദ്ധത്തിനിടെ 461 കുട്ടികൾ ഉൾപ്പെടെ 9,655 സിവിലിയന്മാരെങ്കിലും മരിച്ചതായാണ് സ്ഥിരീകരണം. ഏകദേശം രണ്ട് ദശലക്ഷം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

മൊത്തത്തിൽ, ലോകബാങ്ക് ഇതുവരെ കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരിട്ടുള്ള നാശനഷ്ടം 135 ബില്യൺ ഡോളറായി കണക്കാക്കി. വിശാലമായ രീതിയിൽ സാമ്പത്തിക നാശനഷ്ടങ്ങൾ കണക്കാക്കിയിട്ടില്ല. ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായിരിക്കുന്നത് ഡൊനെറ്റ്‌സ്‌ക്, ഖാർകിവ്, ലുഹാൻസ്‌ക്, കെർസൺ എന്നിവിടങ്ങളിലാണ്. ഉക്രെയ്ൻ സർക്കാർ, ലോകബാങ്ക് ഗ്രൂപ്പ്, യൂറോപ്യൻ കമ്മീഷൻ, ഐക്യരാഷ്ട്രസഭ എന്നിവ ചേർന്നാണ് വിലയിരുത്തൽ നടത്തിയത്.

© 2024 Live Kerala News. All Rights Reserved.