ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പൂര്‍ണമായി കെടുത്തി;48 മണിക്കൂര്‍ ജാഗ്രത; ആരോഗ്യ സര്‍വെ ഇന്ന് മുതല്‍

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് നടത്തുന്ന മെഡിക്കല്‍ സര്‍വേ ഇന്നു മുതല്‍ ആരംഭിക്കും.

പുക മൂലം വായു മലീനികരണമുണ്ടായ സ്ഥലങ്ങളില്‍ ആരോഗ്യ സര്‍വേ നടത്തുന്നതിന്റെ ഭാഗമായി 202 ആശ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി.

ആരോഗ്യ പ്രവര്‍ത്തകര്‍ ഓരോ വീട്ടിലും കയറി ആരോഗ്യ സംബന്ധമായ വിവര ശേഖരണം നടത്തും. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് വിവരങ്ങള്‍ ചേര്‍ക്കുക. ലഭ്യമാകുന്ന വിവരങ്ങള്‍ അപ്പോള്‍ തന്നെ പരിശോധിക്കാനും ആവശ്യമായ ക്രമീകരണങ്ങള്‍ എര്‍പ്പെടുത്താനും വേണ്ട സജ്ജീകരണങ്ങള്‍ എര്‍പ്പെടുത്തിയിട്ടുണ്ട്.

കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ സ്പെഷ്യാലിറ്റി റെസ്പോണ്‍സ് സെന്റര്‍ യുദ്ധകാലടിസ്ഥാനത്തില്‍ പ്രവര്‍ത്തന സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ന് മുതല്‍ ഇത് പ്രവര്‍ത്തനമാരംഭിക്കും.


പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് എതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉള്ളവര്‍ക്ക് മതിയായ വിദഗ്ധ ചികിത്സ ഉറപ്പു വരുത്താന്‍ ഇതിലൂടെ സാധിക്കും. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളിലെ മെഡിസിന്‍, പള്‍മണോളജി, ഓഫ്ത്താല്‍മോളജി, പീഡിയാട്രിക്, ഡെര്‍മറ്റോളജി എന്നീ വിഭാഗം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. എക്സ്റേ, അള്‍ട്രാസൗണ്ട് സ്‌കാനിങ്, എക്കോ, കാഴ്ചപരിശോധന എന്നീ സേവനങ്ങള്‍ ലഭ്യമാകും. ഇതിനു പുറമെ, എല്ലാ അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളിലും ശ്വാസ് ക്ലിനിക്കുകളും ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.

അതിനിടെ, 12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീ പിടിത്തവും പുകയും പൂര്‍ണമായി ശമിച്ചതായി കലക്ടര്‍ എന്‍എസ്കെ ഉമേഷ് വ്യക്തമാക്കി. തിങ്കളാഴ്ച്ച വൈകീട്ട് 5.30 ഓടെ 100 ശതമാനവും പുക അണയ്ക്കാനായതായും അദ്ദേഹം അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.