ബ്രഹ്മപുരം: കൊച്ചി പുകയിൽ മുങ്ങിയിട്ട് ഒരാഴ്ച

കൊച്ചി | ബ്രഹ്മപുരം തീപ്പിടിത്തത്തെ തുടർന്ന് കൊച്ചി നഗരം പുകയിൽ മൂടിയിട്ട് ഒരാഴ്ച. തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെങ്കിലും പുകശല്യം രൂക്ഷമാണ്. കാറ്റിൻ്റെ ഗതിയനുസരിച്ച് പല പ്രദേശങ്ങളിലേക്കും പുക പടരുന്നുണ്ട്. പുക ഉയരുന്നത് രണ്ട് ദിവസത്തിനകം പൂര്‍ണമായി പരിഹരിക്കാനാകുമെന്നാണ് കരുതുന്നതെന്ന് കലക്ടർ രേണു രാജ് അറിയിച്ചു.

ഇതിനായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. കഴിഞ്ഞ ആറ് ദിവസമായി തുടര്‍ച്ചയായി ജോലി ചെയ്തുവരികയാണ് ഫയര്‍ ആൻഡ് റെസ്‌ക്യൂ ഉള്‍പ്പടെയുള്ള ജീവനക്കാര്‍. ഇവരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ബ്രഹ്മപുരത്ത് മെഡിക്കല്‍ ക്യാംപ് ആരംഭിച്ചു. 30 ഫയര്‍ ടെന്‍ഡറുകളും 12 ഹിറ്റാച്ചികളും ഉപയോഗിച്ചാണ് തീയും പുകയും പൂര്‍ണമായി അണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നിലവിൽ പുരോഗമിക്കുന്നത്.

ഇതുവരെ പുക മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍, 12 വയസിനു താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും കലക്ടർ അറിയിച്ചു. വ്യോമസേനയുടെ സുലൂർ സ്റ്റേഷനിൽ നിന്നുള്ള എം ഐ 17 വി5 ഹെലികോപ്റ്ററാണ് തീയണയ്ക്കുന്നതിന് വെള്ളം പമ്പ് ചെയ്യാനായി ഇന്നലെ പ്രവർത്തിച്ചത്. ഒന്നര മണിക്കൂർ വ്യോമസേനയുടെ ഓപറേഷൻ തുടർന്നു. ആറ് ഷട്ടിലുകളിലായി 10,800 ലിറ്റർ വെള്ളമാണ് മാലിന്യക്കൂമ്പാരത്തിന് മേൽ ഒഴിച്ചത്.

മാലിന്യക്കൂമ്പാരം ഇളക്കിക്കൊണ്ടാണ് അകത്തേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. താഴെ നിന്ന് പുകയണയ്ക്കാൻ കാറ്റ് അനുകൂലമല്ലാത്ത സമയങ്ങളിലാണ് ആകാശ മാർഗം വെള്ളം പമ്പ് ചെയ്യുന്നത്. തീയണയ്ക്കലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനായി മെഡിക്കൽ ക്യാമ്പ് തുറന്നു. നാല് ഡോക്ടർമാർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ സേവനം നൽകും.

© 2024 Live Kerala News. All Rights Reserved.