വിഴിഞ്ഞം തുറമുഖ ഉപരോധക്കേസില്‍ അറസ്റ്റിലായ നാലു പേരെ പൊലീസ് വിട്ടയച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉപരോധക്കേസില്‍ ഇന്നലെ അറസ്റ്റിലായ നാലു പേരെ പൊലീസ് വിട്ടയച്ചു.

സ്റ്റേഷന്‍ ജാമ്യത്തിലാണ് ഇവരെ വിട്ടത്. ആദ്യം അറസ്റ്റിലായ സെല്‍ട്ടനെ റിമാന്‍ഡ് ചെയ്തു. തുറമുഖ ഉപരോധവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത അഞ്ചുപേരെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സമരക്കാര്‍ ഇന്നലെ രാത്രി നടത്തിയ പൊലീസ് സ്റ്റേഷന്‍ ഉപരോധമാണ് അക്രമത്തില്‍ കലാശിച്ചത്.

അക്രമത്തില്‍ വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ പൂര്‍ണമായി തകര്‍ന്നു. സമരക്കാര്‍ പൊലീസിന്റെ 4 ജീപ്പ്, 2 വാന്‍, 20 ബൈക്കുകള്‍, സ്‌റ്റേഷനിലെ ഓഫിസ് മുറികളിലെ ഫര്‍ണിച്ചറുകള്‍ തുടങ്ങിയവ നശിപ്പിച്ചു. സംഘര്‍ഷത്തില്‍ 36 പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇതില്‍ എട്ടുപേരുടെ നില ഗുരുതരമാണ്. നിരവധി പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

രണ്ട് കെഎസ്‌ആര്‍ടിസി ബസുകളും അക്രമത്തില്‍ തകര്‍ത്തു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിഴിഞ്ഞത്തു നിന്നും കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചിട്ടില്ല. പലയിടങ്ങളിലും വള്ളങ്ങള്‍ കുറുകേ വെച്ച്‌ റോഡുകള്‍ തടഞ്ഞിരിക്കുകയാണ്. അതേസമയം പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിയന്ത്രണ വിധേയമാണെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍ പറഞ്ഞു. പൊലീസും സഭ പ്രതിനിധികളുമായുള്ള സമാധാന ചര്‍ച്ച ഇന്നും തുടരും.

© 2024 Live Kerala News. All Rights Reserved.