മംഗളൂരു സ്‌ഫോടനക്കേസിന്റെ അന്വേഷണം കേരളത്തിലേയ്ക്ക്, ഷാരിക് കേരളത്തിലെത്തിയത് നിരവധി തവണ

കൊച്ചി: മംഗളൂരു ഓട്ടോ സ്ഫോടനക്കേസ് അന്വേഷണം കേരളത്തിലേയ്ക്കും വ്യാപിപ്പിക്കുന്നു.
ഐഎസ് ബന്ധം സ്ഥിരീകരിച്ച പ്രതി ഷാരിക് ആലുവയില്‍ എത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സ്ഫോടനത്തെക്കുറിച്ച് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എടിഎസ് സംഘം മംഗളൂരുവിലെത്തി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷാരിക്കില്‍
നിന്ന് വിവരങ്ങള്‍ തേടി.

സ്ഫോടനത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രതി ഷാരിക് ആലുവയിലെത്തിയത്. ആമസോണ്‍ വഴി ഓര്‍ഡര്‍ ചെയ്ത സ്ഫോടന സാമഗ്രികള്‍ ആലുവയിലായിരുന്നു ഡെലിവറി ചെയ്തത്. ഇത് കൈപ്പറ്റാനാണ് പ്രതി കേരളത്തിലെത്തിയതെന്നാണ് പ്രാഥമിക വിവരം. കൂടാതെ പ്രതിക്ക് എറണാകുളത്തെ ചിലരില്‍ സഹായം ലഭിച്ചതായും സൂചനയുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഷാരിക് നിരവധി തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. ഈ സാഹചര്യത്തില്‍ ആലുവയിലെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയേക്കും.

ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ ഷാരിക് ഡാര്‍ക്ക് വെബ് വഴിയാണ് തീവ്രവാദ ബന്ധമുള്ളവരുമായി ആശയവിനിമയം നടത്തിയിരുന്നത്. ശിവമോഗയിലെ ഒരു നദീതീരത്ത് ആളൊഴിഞ്ഞ സ്ഥലത്തെത്തി ഷാരിക്കും കൂട്ടാളികളും ചേര്‍ന്ന് ബോംബ് സ്ഫോടനം പരീക്ഷിച്ചതായും വിവരമുണ്ട്. സെപ്റ്റംബര്‍ 19നാണ് പരീക്ഷണ സ്ഫോടനം നടത്തിയതെന്നും എഡിജിപി അലോക് കുമാര്‍ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.