തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ വിജിലന്‍സില്‍ പരാതി: നിയമനങ്ങള്‍ പരിശോധിക്കണമെന്നും ആവശ്യം

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരെ വിജിലന്‍സില്‍ പരാതി. നഗരസഭ രണ്ടുവര്‍ഷത്തിനിടെ നടത്തിയ താത്കാലിക നിയമനങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കൗണ്‍സിലറായ വിഎ ശ്രീകുമാറാണ് പരാതി നല്‍കിയത്. കരാര്‍ നിയമനത്തിലെ കത്ത് വിവാദത്തെ തുടർന്ന് കോര്‍പ്പറേഷന്‍ ഓഫീസില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരുന്നു. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ചാ പ്രവര്‍ത്തകർ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തി.

പ്രതിഷേധ സമയത്ത് ഓഫീസിലേക്ക് എത്തിയ ഡെപ്യൂട്ടി മേയര്‍ പികെ രാജുവിനെ ഓഫീസില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ ബിജെപി കൗണ്‍സിലര്‍മാര്‍ തടഞ്ഞു. തന്നെ മര്‍ദ്ദിച്ചെന്നും വസ്ത്രം വലിച്ചു കീറിയെന്നും ഡെപ്യൂട്ടി മേയര്‍ ആരോപിച്ചു. തുടർന്ന്, ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡെപ്യൂട്ടി മേയറെ ആശുപത്രിയിലേക്ക് മാറ്റി. മേയറുടെ പേരില്‍ പുറത്തുവന്ന കത്ത് വ്യാജമാണെന്നും ഡെപ്യൂട്ടി മേയർ പ്രതികരിച്ചു.

© 2024 Live Kerala News. All Rights Reserved.