Special Report: പൊതു ശ്മശാനമില്ല; അരസെന്റ് പുരയിടത്തിലും ആയില്ല… ചെങ്ങന്നൂരില്‍ പട്ടികജാതിക്കാരന്റെ ചിതയൊരുക്കിയത് റോഡരികില്‍…

ചെങ്ങന്നൂര്‍: പട്ടടയൊരുക്കാനും സ്വന്തമായി സ്ഥലമില്ലാഞ്ഞ് പൊതു നിരത്തില്‍ പട്ടികജാതി വിഭാഗക്കാരന്റെ മൃതദേഹം സംസ്‌കരിക്കേണ്ടിവന്നു. പഞ്ചായത്തീരാജ് നിയമപ്രകാരം പൊതു ശ്മശാനം വേണമെന്ന വ്യവസ്ഥ പാലിക്കാത്ത ചെങ്ങന്നൂര്‍ നഗര സഭയില്‍ ഈ പ്രശ്‌നം ഇതാദ്യത്തേതല്ല. ചിലര്‍ മൃതദേഹം ആശുപത്രികള്‍ക്കു നല്‍കി, ചിലര്‍ വീട്ടിനുള്ളില്‍ സംസ്‌കരിച്ചു. ഈ ദുരന്തസ്ഥിതിയില്‍ പുതിയതാണ് കീഴ്‌ച്ചേരിമേല്‍ കുറവന്‍പറമ്പില്‍ വീട്ടില്‍ എ. ശശിയുടേ (63)ത്. പൊതുശ്മശാനം ഇല്ലാത്തതിനെ തുടര്‍ന്ന്, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഈ ഗൃഹനാഥന്റെ മൃതദേഹം സംസ്‌ക്കരിക്കേണ്ടിവന്നത് നഗരസഭാ റോഡിലാണ്. ചെങ്ങന്നൂര്‍ നഗരസഭയുടെ 13-ാം വാര്‍ഡിലാണ സ്ഥലമില്ലാത്തതിനാല്‍ റോഡില്‍ സംസ്‌ക്കരിച്ചത്. ശശിക്കും കുടുംബത്തിനും വീടുള്‍പ്പടെ അരസെന്റേ ഉള്ളു. ഇവിടെയാണ് ഒരു മുറിയും, അടുക്കളയും, കിണറും കക്കൂസുമെല്ലാം. ഈ പ്രാരാബ്ധത്തിലാണ് 89 വയസുള്ള അമ്മ കുട്ടിയും, ഭാര്യ രാജമ്മയും, മക്കളായ ശ്യാമിലിയും ശ്യാമയും ശശിക്കൊപ്പം കഴിഞ്ഞിരുന്നത്. ശശിയുടെ പത്രവിതരണം മാത്രമായിരുന്നു കുടുംബത്തിന്റെ വരുമാന മാര്‍ഗ്ഗവും. ആറുമാസം മുന്‍പാണ് ശശിക്ക് കരളിലും, തലച്ചോറിലും കാന്‍സറാണെന്ന് കണ്ടത്തുന്നത്. തുടര്‍ന്ന് ആര്‍സിസിയില്‍ ഉള്‍പ്പെടെ ചികിത്സ നടത്തി, പിന്നീട് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാത്രി എട്ടോടെ മരിച്ചു. മൃതദേഹം എവിടെ സംസ്‌ക്കരിക്കണമെന്നറിയാതെ ഈ നിര്‍ദ്ധന കുടുംബം വിഷമിച്ചു. ഒടുവില്‍ വീടിന് മുന്‍പിലൂടെ കടന്നുപോകുന്ന ശാസ്താംപുറം റോഡില്‍ സംസ്‌ക്കരിക്കാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ തീരുമാനിക്കുകയായിരുന്നു. കോട്ടയത്തുനിന്നും ഫര്‍ണസും എത്തിച്ചാണ് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ മൃതദേഹം സംസ്‌ക്കരിച്ചത്. നഗരത്തില്‍ പൊതുശ്മശാനം നിര്‍മ്മിക്കാന്‍ ബജറ്റില്‍ തുകവകയിരുത്തിയിട്ടുണ്ടെന്ന് മാറി വന്നിരുന്ന ഒരോ നഗരസഭാ നേതൃത്വവും പ്രഖ്യാപനം നടത്തുന്നുണ്ട്. പക്ഷേ നടപ്പാകുന്നില്ല. സംസ്‌ക്കരിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍  മൂന്ന് മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കിയതും വീടിനുള്ളില്‍ മൃതദേഹങ്ങള്‍ സംസ്‌കരിച്ച സംഭവവും ഈ നഗരസഭാ പ്രദേശത്തുണ്ടായിട്ടുണ്ട്
Courtesy:www.janmabhumidaily.com

© 2024 Live Kerala News. All Rights Reserved.